ദില്ലി: ചരക്ക് സേവനനികുതി ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.ഒരു ശതമാനം സര്‍ചാര്‍ജ് എര്‍പ്പെടുത്താനുള്ള തീരുമാനമടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഉടന്‍ തന്നെ ബില്‍ രാജ്യസഭയില്‍ കൊണ്ട് വരും. 

ഏറെ നിര്‍ണ്ണായകമായ ചരക്ക് സേവനനികുതി ബില്ലില്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയ നിദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഒരു ശതമാനം സര്‍ചാര്‍ജ്ജ് എര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പിന്‍വലിച്ചു.സംസ്ഥാനങ്ങള്‍ക്ക് 5 വര്‍ഷവും നഷടപരിഹാരം നല്‍കും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. 

പുതിയ ഭേദഗതി ബില്ലിനെക്കുറിച്ച് വിവിധരാഷ്ട്രീയപാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. അടുത്തയാഴ്ച ആദ്യം തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം, കോണ്‍ഗ്രസ് പിന്‍തുണച്ചില്ലെങ്കില്‍ മറ്റ് പ്രതിപക്ഷപാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണ കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്. ബില്ലിനെ പിന്തുണക്കുമെന്ന് ആര്‍ജെഡി കൂടി അറിയിച്ചിട്ടുണ്ട്. സ്റ്റോക് എക്‌സേഞ്ചുകളിലുള്ള വിദേശനിക്ഷേപം 5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.