ലണ്ടന്‍: ഓഫിസിലെ കംപ്യൂട്ടറില്‍ നീലച്ചിത്രങ്ങളും അശ്ലീല ഫോട്ടോകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ മന്ത്രിയെ പുറത്താക്കി. തെരേസ മേയ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഡാമിയന്‍ ഗ്രീനിനാണ് ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പുറത്തുപോകേണ്ടി വന്നത്. തെരേസ മേയുടെ വിശ്വസ്തനായിരുന്നു ഡാമിയന്‍ ഗ്രീന്‍. 

2008ലാണ് ഡാമിയന്റെ ഓഫീസ് കംപ്യൂട്ടറില്‍നിന്ന് അശ്ലീല ചിത്രങ്ങളും നീലച്ചിത്രങ്ങളും പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് താന്‍ ഡൗണ്‍ലോഡ് ചെയ്തതോ കണ്ടതോ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അന്വേഷണ സംഘത്തിന് ഇത് തൃപ്തികരമായി തോന്നിയില്ല. അതിനിടെ മറ്റൊരു യുവതി അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണവും ഉന്നയിച്ചു. 2015ല്‍ ലണ്ടനിലെ ഒരു പബ്ബില്‍വച്ച് ഡാമിയന്‍ തന്റെ കാലില്‍ സ്‌പര്‍ശിക്കുകയും അസഭ്യപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നായിരുന്നു വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാല്‍ട്ബെ ആരോപിച്ചത്. ലൈംഗിക പീഡന വിവാദം കൂടി പുറത്തുവന്നതോടെ പഴയ നീലച്ചിത്ര വിവാദം വീണ്ടും തലപൊക്കുകയായിരുന്നു. നടത്തിയ പുതിയ അന്വേഷണത്തിലാണു പഴയ വിവാദം വീണ്ടും തലപൊക്കിയത്. 

തുടര്‍ന്ന് മന്ത്രിമാര്‍ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തി ഡാമിയന്‍ ഗ്രീനിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി തേരേസ മേയ് നിര്‍ബന്ധിതയായി. എന്നാല്‍ ലൈംഗിക പീഡന ആരോപണം അദ്ദേഹം നിഷേധിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ തെരേസ മേയ് സര്‍ക്കാരില്‍നിന്ന് മൂന്നാമത്തെ മന്ത്രിയാണ് ഇപ്പോള്‍ രാജിവയ്‌ക്കുന്നത്. ഇത് മന്ത്രിസഭയുടെ പ്രതിച്ഛായയ്‌ക്കു വലിയ നഷ്‌ടം സൃഷ്‌ടിക്കുന്നുണ്ട്.