ദില്ലി: കാത്ത് കാത്തിരുന്ന് കിട്ടിയ മന്ത്രിസ്ഥാനം. ദില്ലിയിൽ കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സംസ്ഥാനത്തെ ബിജെപി ആസ്ഥാനത്ത് ആരവങ്ങളില്ല. കേരളത്തിനുള്ള ഓണസമ്മാനമാണ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്നാണ് കുമ്മനം പറഞ്ഞത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ മന്ത്രിസ്ഥാനവും ഒരുമിച്ചെത്തിയിട്ടും കണ്ണന്താനത്തിന്റെ ജന്മനാടായ മണമലയിലൊഴികെ സംസ്ഥാനത്ത് മറ്റെവിടെയും കാര്യമായ ആഹ്ളാദപ്രകടനങ്ങളുണ്ടായില്ല. പാർട്ടി സംസ്ഥാന ആസ്ഥാനത്തെ സന്ദർശകർക്കുള്ള മുറിയിലെ ടിവി ഓണാണെങ്കിലും ദൃശ്യങ്ങളൊന്നും കാണുന്നില്ല.
ഓണാവധിയല്ലേ അപ്രതീക്ഷിത തീരുമാനമല്ലേ അതാണ് ലഡ്ഡുവും പ്രകടനങ്ങളും ഇല്ലാത്തതെന്ന് ഒരു ജില്ലാ നേതാവ് അനൗദ്യോഗികമായി പറഞ്ഞു. ദില്ലിയിൽ നിന്നുള്ള അപ്രതീക്ഷിത നീക്കത്തിന്റെ ആഘാതത്തിൽ തന്നെയാണ് സംസ്ഥാന നേതൃത്വം. കുമ്മനത്തിന്റേതടക്കമുള്ള പേരുകൾ ആർഎസ്എസ് മുന്നോട്ട് വെച്ചിരുന്നു.
സംസ്ഥാന നേതാക്കളോടും ആർഎസ്എസ്സിനോടും ഒന്നും ആലോചിക്കാതെയാണ് തീരുമാനം വന്നത്. തമ്മിലടിയും മെഡിക്കൽ കോഴ വിവാദങ്ങളുമൊക്കെ പലരുടേയും സാധ്യതകൾ ഇല്ലാതാക്കി. ക്രൈസ്തവ സഭയുമായി അടുത്ത ബന്ധമുള്ള അൽഫോൻസ് കണ്ണന്താനം വഴി കേരളത്തിൽ താമരയുടെ വളർച്ചക്കുള്ള സാധ്യതകൾ തേടുകയാണ് മോദിയും അമിത്ഷായും. നേതൃത്വത്തെ തഴഞ്ഞുള്ള മന്ത്രിസ്ഥാനത്തിന് പിന്നാലെ സംഘടനയിലും ഇനി സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമോ എന്ന ആശങ്കയും സംസ്ഥാന നേതാക്കൾക്കുണ്ട്.
