ദില്ലി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കും. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് ഇപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ തയാറല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പരിഗണനയ്‌ക്കെടുക്കേണ്ടതുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിഡിജെഎസുമായുള്ള സഖ്യം തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദി സർക്കാരിന്‍റേത് മികച്ച പ്രകടനമാണെന്ന് പറഞ്ഞ അമിത് ഷാ, ഈ നൂറ്റാണ്ട് ഇനി ഭാരതത്തിന്‍റെതാണെന്ന് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികം പ്രമാണിച്ചാണ് അമിത് ഷാ പ്രത്യക പത്ര സമ്മേളനം നടത്തിയത്.