തിരുവനന്തപുരം: നന്തന്‍കോട് സ്വന്തം വീട്ടിലെ നാല് പേരെ കൊലപ്പെടുത്തിയ പ്രതി കേദലിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന കേദലിന് ന്യുമോണിയ കൂടി സ്ഥിരീകിച്ചോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ജീവന്‍നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.
കൂട്ടക്കൊലപാതക കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന കേദലിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നേരത്തെ തന്നെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഇപ്പോള്‍ മരുന്നുകളോട് ചെറിയ തോതില്‍ മാത്രമേ ശരീരം പ്രതികരിക്കുന്നുള്ളൂ.
മറ്റുള്ളവരെ ആക്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സെല്ലില്‍ കേദലിനെ ഒറ്റയ്‌ക്കാണ് പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കേദലിനെ ജയില്‍ അധികൃതര്‍ സെല്ലില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
