തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാനും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷക്കുപ്പി തെളിവെടുപ്പിനിടെ, കാഡല്‍ തന്നെ പൊലീസിന് എടുത്തുകൊടുത്തു. ഒരു മാസം മുമ്പുതന്നെ കൊലയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍ കാഡല്‍ തുടങ്ങിയിരുന്നു എന്ന് പൊലീസിന് വ്യക്തമായി.

ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് കാ‍ഡല്‍ കൂട്ടക്കൊലയ്‌ക്ക് പദ്ധതിയിട്ടതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ന് പൊലീസിന് കിട്ടിയത്. ഒരു മാസം മുമ്പുതന്നെ ഓണ്‍ലൈനിലൂടെ ആയുധം വാങ്ങി സൂക്ഷിച്ചു. വീടിന് പുറത്ത് ടര്‍ക്കി കോഴികളെ വളര്‍ത്തിയിരുന്ന കാഡല്‍, കോഴിക്കൂടിന് സമീപമുണ്ടായിരുന്ന കല്ലില്‍ വെട്ടി മഴു ഉപയോഗിക്കാന്‍ പരിശീലിച്ചു. ഇതിന് ശേഷം ഫ്ലിപ്കാര്‍ട്ട് വഴി കൊലയ്‌ക്ക് ഉപയോഗിച്ച മഴു വാങ്ങി. ഡമ്മി വാങ്ങിയും പരിശീലനം തുടര്‍ന്നു. അച്ഛനമ്മമാരെ മഴുകൊണ്ട് വെട്ടിയും അമ്മയുടെ ബന്ധുവിനെ തലയ്‌ക്കടിച്ചുമാണ് കൊലപ്പെടുത്തിയത് എന്ന് കാഡല്‍ പൊലീസിനോട് പറഞ്ഞു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പൊലീസിന് എടുത്തുകൊടുത്തു. 

ആദ്യശ്രമത്തില്‍ സഹോദരി മരിച്ചില്ലെന്നും വീണ്ടും വീണ്ടും വെട്ടി കൊലപ്പെടുത്തി എന്നുമാണ് മൊഴി. കൊല ചെയ്ത രീതി വിശദീകരിക്കുന്നതിനിടെ, കാഡല്‍ വികാരാധീനനായി. കുടുംബാംഗങ്ങളെ വിഷംകൊടുത്ത് കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടത്. നഗരത്തിലെ ഒരു കടയില്‍ നിന്ന് വിഷം വാങ്ങി, കുപ്പിയില്‍ പകര്‍ന്നുവച്ചു. ഈ വിഷക്കുപ്പിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ കാട്ടിക്കൊടുത്തു. ജോലിയില്ലാത്തതിനാല്‍ അച്ഛന്‍ മോശമായി പെരുമാറിയെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കാഡലിന്റെ മൊഴി. കൊലപാതകത്തിന് ശേഷം, നന്തന്‍കോട്ടെ ഒരു കടയില്‍ നിന്ന് തറ വൃത്തിയാക്കാനുള്ള ലോഷന്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങി. മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പിലും ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ സംഥലത്തും ഇനി തെളിവെടുപ്പ് നടത്തും.