2015ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം സിഡ്കോയുടെ സഞ്ചിത നഷ്‌ടം 43.05 കോടി രൂപയാണ്. 2013 വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നില്‍ വന്‍സാമ്പത്തിക തിരിമറിയുണ്ടെന്നാണ് കണ്ടെത്തല്‍. 164 കോടിയാണ് അധിക ചെലവ്. എഴുതിയുണ്ടാക്കിയ ലാഭക്കണക്കുകളില്‍ പോലും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി.എ.ജി പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ 50 ഓളം പ്രവര്‍ത്തികളാണ് നടത്തിയത്. സിമന്റ് ബ്ലോക്ക് വില്‍പനയില്‍ ആളും പേരമില്ലാത്ത ഒരു എഗ്രിമെന്റ് വഴി മാത്രം നടന്നത് 10 കോടി രൂപയുടെ ഇടപാടാണ്. ജീവനക്കാര്‍ക്ക് ചട്ടവിരുദ്ധമായി എക്‌സ്ഗ്രേഷ്യാ നല്‍കിയതു വഴി 3.9 കോടിരൂപ നഷ്‌ടമുണ്ടാക്കി. 5.19 കോടിരൂപയുടെ ടെലികോം സിറ്റി ഇടപാടില്‍ പാഴാക്കിയതും ലക്ഷങ്ങളാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ക്കായാണ് അധിക ചെലലുകള്‍ ഏറെയും. കേരളാ ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ മോഡേണ്‍ റെക്കോര്‍ഡ് റൂം നിര്‍മ്മാണത്തില്‍ ക്രമക്കേട് 2.5 കോടി രൂപയാണ്. ഇ-രേഖാ പദ്ധതിക്ക് ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലും ആദിവാസി സ്വയം പര്യാപ്ത ഗ്രാമത്തിനും ചെലവഴിച്ച തുക ലക്ഷ്യം കണ്ടിട്ടില്ലെന്നും സി.എ.ജി വ്യക്തമാക്കുന്നു. ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിലും വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ എ.ഇ.ഡി കംപോണന്റ് വെറും 64 ശതമാനം മാത്രമാണ്. രണ്ടര കോടി നഷ്‌ടം പൊതു ഖജനാവിനുണ്ടായതിന് പുറമെ പദ്ധതി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്ക് പോലും അധിക തുക നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 102 പേജുള്ള റിപ്പോര്‍ട്ടില്‍ പലേടത്തും മാനേജിംഗ് ഡയറക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ പേരും പലവട്ടം പരാമര്‍ശിക്കുന്നുണ്ട്.