കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സിഎജി തന്നെ കണ്ടെത്തിയതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മലപ്പുറം മഞ്ചേരിയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു അമ്യൂസ്മെന്‍റ് പാര്‍ക്ക് നാല് വര്‍ഷം അനുമതികളില്ലാതെ പ്രവര്‍ത്തിച്ചുവെന്നാണ് സിഎജി കണ്ടെത്തിയത്. വിനോദ നികുതി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.
2012ലാണ് മലപ്പുറം മഞ്ചേരിയില്‍ സില്‍സില വാട്ടര്‍തീം പാര്‍ക്ക് പി വി അന്‍വര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയത്. ഈ പാര്‍ക്കിലും നിയമലംഘനങ്ങള്‍ നടന്നുവെന്ന് വ്യക്തം.2016ല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന തൃക്കലങ്ങോട് പഞ്ചായത്തില്‍ സിഎജി ഓഡിറ്റ് ടീം വിശദമായ പരിശോധന നടത്തിയതോടെയാണ് സില്‍സില പാര്‍ക്കിലേക്ക് അന്വേഷണം നീണ്ടത്.പഞ്ചായത്തിന്‍റെ വരുമാനമാര്‍ഗങ്ങളിലെ പൊരുത്തക്കേടുകളാണ് സിഎജി പ്രധാനമായും പരിശോധിച്ചത്.
ഓഡിറ്റ് സംഘം പഞ്ചായത്ത് പ്രതിനിധികളുമായി പാര്‍ക്കില്‍ പരിശോധന നടത്തിയതോടെ നിയമലംഘനങ്ങള്‍ ഒന്നൊന്നായി ബോധ്യപ്പെട്ടുവെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. പാര്‍ക്കിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പലതും പഞ്ചായത്ത് വിലയിരുത്തിയിട്ടില്ലെന്ന് ഓഡിറ്റ് സംഘം കണ്ടെത്തി. പാര്‍ക്കിലെ ഓഫീസ് കെട്ടിടം, വിശ്രമസ്ഥലം, ലഘുഭക്ഷണ കേന്ദ്രം എന്നിവ എവിടെയും രേഖപ്പെടുത്തിയിരുന്നില്ല.വിശദമായ പരിശോധനയില്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്നും സിഎജി കണ്ടെത്തി.
പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കേണ്ട 1963ലെ കേരള പ്ലേസസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് പ്രകാരമുള്ള ലൈസന്‍സ് പാര്‍ക്കിനില്ലെന്നായിരുന്നു കണ്ടെത്തല്‍. പാര്‍ക്കില്‍ നിന്ന് വിനോദ നികുതി പിരിച്ചതിലുള്ള പാളിച്ചകളും സിഎജി കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്ന് കോടി വരെ നിക്ഷേപമുള്ള രണ്ട് ഹെക്ടര്‍ വരെ വിസ്തൃതിയുള്ള കാറ്റഗറിയില്‍ പെടുന്ന പാര്‍ക്കില്‍ നിന്നും മൂന്ന് ലക്ഷം മുതല്‍ ആറ് ലക്ഷം വരെ വാര്‍ഷിക നികുതി ഈടാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തില്‍ നികുതി ഇനത്തില്‍ വന്നകുറവ് പി വി അന്‍വര്‍ എംല്‍എ എഎല്‍എയില്‍ നിന്ന് ഈടാക്കാനും സിഎജി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഇക്കഴിഞ്ഞ ജൂണില്‍ 6,19,500രൂപ സില്‍സില അമ്യൂസ് മെന്‍റ് പാര്‍ക്കില്‍ നിന്ന് ഈടാക്കുകയും ചെയ്തു. പി വി അന്‍വര്‍ എംഎല്‍എയായി ചുമതലയേറ്റതിന് ശേഷമാണ് സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നത്.
