കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ മുൻ വൈസ് ചാന്‍സിലര്‍ അടക്കമുള്ളവർക്കെതിരെ വിജിലന്‍സ് അന്വേഷണം. ആറാഴ്ചക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിക്ക് കോഴിക്കോട് വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കി.
കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം അബ്ദുള്‍ സലാം, പ്രോവിസി രവീന്ദ്രനാഥ്, മുന്‍രജിസ്ട്രാര്‍ എം വി ജോസഫ്, സിന്‍ഡിക്കേറ്റംഗങ്ങള്‍, തുടങ്ങി നിയമനം നേടിവർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍വകലാശാല ചട്ടങ്ങളും നിയമങ്ങളും മറികടന്ന് അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന് കാട്ടി മുന്‍ രജിസ്ട്രാര്‍ വി സ്റ്റാലിനാണ് വിജിലന്‍സിനെ സമീപിച്ചത്.
താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും,സര്‍ക്കാരിന്‍റെ 80 ലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ നഷ്ടപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താല്‍ക്കാലിക നിയമനങ്ങള്‍ സര്‍വ്വകലാശാല ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം എതിര്‍ത്തിരുന്നതുമാണ്. ആറാഴ്ചക്കുള്ളില്‍ പ്രാഥമികാന്വേഷമം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
