എട്ടു വയസുകാരിയ്ക്ക് 'നായ'യെ വേണം; ആഗ്രഹം സഫലമാക്കി 'കാംബ്രിഡ്ജ് അനലിറ്റിക്ക' 

ടെക് ലോകത്ത് ചര്‍ച്ചയാകുകയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക, ഒരു രാജ്യത്തിന്‍റെ ഭാവി തന്നെ മാറ്റിയെഴുതാന്‍ സൈബര്‍ വിവരങ്ങള്‍ക്ക് സാധിക്കും എന്ന് ഇതിന് മുന്‍പ് തന്നെ ടെക് ലോകത്തെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. അത് വിശ്വസിക്കാത്തവരും കാംബ്രിഡ്ജ് അനലിറ്റിക്ക എന്ന പേരും അതിന് പിന്നിലെ കഥയും കേട്ടാല്‍ മേല്‍പ്പറഞ്ഞ വാദത്തില്‍ വിശ്വസിച്ച് പോകും. 23 കോടി അമേരിക്കക്കാരുടെ മനശാസ്ത്ര വ്യാപരം ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി അതിലൂടെ മനസിലാക്കി, ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തന്നെ സ്വധീനിക്കാന്‍ കഴിഞ്ഞുവെന്നാണ് വാദം. ഇങ്ങനെ നീണ്ടു പോവുകയാണ് കാംബ്രിഡ്ജ് അനലിറ്റിക്കയെക്കുറിച്ചുള്ള ചര്‍ച്ചകള്‍. എന്നാല്‍ കാംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിച്ച് തന്റെ നായ്ക്കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് ഒരു എട്ടുവയസുകാരി. 

ഏറെ നാളുകളായി ഒരു നായ്ക്കുട്ടിയെ വേണമെന്ന ആവശ്യത്തിലായിരുന്നു പെണ്‍കുട്ടി. സാമ്പത്തിക മാധ്യമ പ്രവര്‍ത്തകനായ പിതാവിനോട് വളരെ രസകരമായ രീതിയിലാണ് പെണ്‍കുട്ടി ആവശ്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. കാംബ്രിഡ്ജ് അനലിറ്റിക്ക സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായി പിന്തുടരുന്ന പിതാവിനോട് ഇത് സംബന്ധിച്ച പേപ്പര്‍ ആര്‍ട്ടിക്കിളില്‍ തന്റെ ആവശ്യം കുട്ടി എഴുതി ചേര്‍ക്കുകയായിരുന്നു. 

Scroll to load tweet…

കുട്ടിയുടെ ആവശ്യം ബ്രന്‍‍ഡന്‍ ഗ്രീലി ട്വീറ്റ് ചെയ്തത് തമാശയ്ക്കായിരുന്നു. എന്നാല്‍ ട്വീറ്റ് താമസിയാതെ വൈറലാവുകയും, ആളുകള്‍ കുട്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ ഗ്രീലിയോട് തുടര്‍ച്ചയായി ആവശ്യപ്പെടുകയും ചെയ്തതോടെ ഗ്രീലി മകള്‍ക്ക് നായ്ക്കുട്ടിയെ വാങ്ങി നല്‍കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നര ലക്ഷത്തില്‍ അധികം പേരാണ് ഗ്രീലിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. എന്നാല്‍ നായ്ക്കുട്ടിയെ വാങ്ങി നല്‍കാന്‍ നിര്‍ദ്ദേശിച്ച എല്ലാരോടും മൃഗങ്ങള്‍ക്കെതിരായ അക്രമം ചെറുക്കാന്‍ സഹായിക്കണെന്ന് ഗ്രീലി ആവശ്യപ്പെട്ടിട്ടുണ്ട്.