കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ പ്രകടനത്തിന് മാറ്റുകൂട്ടാന്‍ മുസ്ലിം ലീഗ് അണിനിരത്തിയത് ഒട്ടകങ്ങളെയും കുതിരകളെയും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനത്തിന് ഒട്ടകങ്ങളെയും കുതിരകളെയും ഇറക്കി സംസ്ഥാനത്തു തന്നെ ശ്രദ്ധ പിടിക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഇതിനായി വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയില്‍ നിന്നുമാണ് ദിവസ വാടകയ്ക്ക് ഒട്ടകത്തിനെ പ്രകടനത്തിനിറക്കിയത്.
രണ്ടു ദിവസം മുമ്പ് പടന്നയില്‍ ലീഗ് നടത്തിയ ജാഥയില്‍ ഉണ്ടായിരുന്നത് കുതിരകളായിരുന്നു. ഈ കുതിരകളെയും എത്തിച്ചത് ബേക്കല്‍ കോട്ടയില്‍നിന്നു തന്നെയായിരുന്നു. പച്ച പുതപ്പിച്ച ഒട്ടകത്തിന് മുകളില്‍ പച്ച പാന്‍സും ജുബ്ബയും അണിഞ്ഞ ലീഗ് പ്രവര്‍ത്തകര്‍ ഇരുന്നായിരുന്നു ജാഥ.
ജാഥയില്‍ ഒട്ടകമോ എന്ന ചോദ്യത്തിന് മറുപടി പടന്നയില്‍ കുതിര ഉണ്ടായിരുന്നല്ലോ എന്നായിരുന്നു. വരിവരിയായി നിരന്നുനിന്ന് ബാന്റ് മേളവും ഒട്ടകങ്ങളും ലീഗ് ജാഥയില്‍ താരങ്ങളായപ്പോള്‍ ഞെട്ടിയത് കാണികളാണ്.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനത്തിന് മിണ്ടാപ്രാണികളെ ഉപയോഗിക്കാന്‍ നിയമം ഇല്ല. ഉല്ലാസങ്ങള്‍ക്ക് ഒട്ടക കുതിര സവാരികള്‍ ആകാമെങ്കിലും കാസര്‍കോട്ടെ ഒട്ടകത്തിന്റെയും കുതിരയുടെയും രാഷ്ട്രീയ ജാഥ ചര്‍ച്ചയാവുകയാണ്.
