ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം  പിഎസ്‍സിക്ക് വിടുന്നു. 

തിരുവനന്തപുരം: ക്യാന്പ് ഫോളോവർമാരുടെ നിയമനം പിഎസ്സിക്ക് വിടാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊലീസിൽ ദാസ്യപ്പണി കൂടുതലും ചെയ്യേണ്ടി വരുന്നത് ക്യാമ്പ് ഫോളോവർമാരാണ്. ദിവസ കരാർ അടിസ്ഥാനത്തിലാണ് നിലവിലെ നിയമനം. ദാസ്യപ്പണി നിർത്തുന്നതിൻറെ ഭാഗമായാണ് നിയമനം പിഎസ് സി ക്ക് വിടുന്നത്. ഒരു മാസത്തിനുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വീസ് ചട്ടം ഭേദഗതി ചെയ്യാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വിഎസ് സർക്കാറിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നെങ്കിലും ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നില്ല.

അതിനിടെ ഗവാസ്ക്കറിനെതിരായ എഡിജിപിയുടെ മകളുടെ മൊഴി പൊളിഞ്ഞു. കാലിലൂടെ പൊലീസ് വാഹനം കയറ്റിയെന്ന എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവാസ്ക്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുത്. ഓട്ടോ ഇടിച്ച് പരിക്കേറ്റുവെന്ന് പറഞ്ഞാണ് ചികിത്സ തേടിയതെന്നാണ് ഡോക്ടർ പറയുന്നത്. ഡോക്ടറുടെ മൊഴിയും വൈദ്യപരിശോധന റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. 

രണ്ടു ദിവസം മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും എഡിജിപിയും കുടുബംവും അനുമതി നൽകിയില്ല. ഗവാസ്കറെ മർ‍ദ്ദിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ എഡിജിപിയും മകളും എറണാകുളത്തെ മുതിർന്ന അഭിഭാഷകനുമായി ഒന്നര മണിക്കൂർ ചർച്ച നടത്തി. അതിന്‍റെ ദൃശ്യങ്ങളെടുക്കുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ എഡിജിപിയുടെ ബന്ധു തടയുകയും ചെയ്തു. അതേസമയം തന്റെ വളർത്തു നായയെ അജ്ഞാതർ കല്ലെറിഞ്ഞെന്ന സുധേഷ്കുമാറിന്റെ പരാതിയിൽ പേരൂരൂർക്കട പൊലീസ് കേസെടുത്തു.