ഒരു കോടി മുപ്പതു ലക്ഷം വോട്ടര്‍മാരാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആര് ഭരിക്കുമെന്ന് നിശ്ചയിക്കുക. വടക്കന്‍ ദില്ലി, തെക്കന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ 104 വീതവും കിഴക്കന്‍ ഡല്‍ഹിയിലെ 64 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കളെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വസിക്കുന്നക്കുന്നതിനാല്‍ മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരും വോട്ടു ചോദിച്ചെത്തി. ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം, ദില്ലിയെ നേരിട്ട് ബാധിക്കുന്ന മാലിന്യ സംസ്‌കരണം, അഴുക്കു ചാല്‍ പ്രശ്‌നം തുടങ്ങിയവയും മുഖ്യ പ്രചാരണ വിഷയമായി. ഭരണം നിലനിര്‍ത്താന്‍ ബിജെപിയും, വീണ്ടും ഒരവസരം തേടി കോണ്‍ഗ്രസും ജനത എഴുതി തള്ളിയിട്ടില്ലെന്ന് തെളിയിക്കാന്‍ ആംആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

അടുത്തിടെ കഴിഞ്ഞ രജൗരി ഗാര്‍ഡന്‍ ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നിയമസഭയിലെ പ്രാതിനിധ്യം നഷ്ടമായ കോണ്‍ഗ്രസ് കോര്‍പറേഷന്‍ തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി ജനം മനസ്സുകളില്‍ ഇപ്പോഴും ഇടമുണ്ടെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ്. ഡല്‍ഹി ജനത എഴുതി തള്ളിയിട്ടില്ലെന്നു തെളിയിക്കാന്‍ കെജ്‌രിവാളിനും മികച്ച വിജയം അനിവാര്യം.