ക്യാംപസുകളില്‍ മയക്കുഗുളികകള്‍ എത്തിക്കുന്ന സംഘം പിടിയില്‍
കൊച്ചി: ക്യാംപസുകളിൽ വില്പനക്കെത്തിച്ച മയക്കുഗുളികകൾ എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരാണ് 350 ലധികം ഗുളികളുമായി അറസ്റ്റിലായത്. ചുഴലി രോഗത്തിന് നൽകുന്ന മരുന്ന് ലഹരിക്കായി വിദ്യാർത്ഥികൾക്കിടയിൽ വില കുറച്ച് വില്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ.
കഞ്ചാവോ സിഗററ്റോ പോലെയല്ല, ഉപയോഗിച്ചാൽ തൊട്ടടുത്തുള്ളവർക്ക് പോലും മണം കിട്ടില്ല. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളാണ് സ്ഥിരം കസ്റ്റമേഴ്സ്. വരുന്നത് മധുരയിൽ നിന്ന്. 10 രൂപ മാത്രമുള്ള ഗുളികയിലെ വില മായ്ക്കും. ക്യാംപസുകളിലെത്തുക 100 രൂപക്ക്. കമ്പം തേനി സ്വദേശികളായ മുരളീധരൻ, വേണുകുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.കൊച്ചിയിലേക്ക് പല തവണ മരുന്നെത്തിച്ച ഇവർ പിന്നീട് ഫോൺ വഴി ആവശ്യക്കാരെ തേടും.
സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. മുരളീധരൻ എൽഐസി ഏജന്റും, വേണുകുമാർ മറൈൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
