ഒരു ക്യാംപസിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത് എസ്എഫ്ഐയുടെ ധാർഷ്ട്യമാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എസ് മുഹമ്മദ് റാഷിദ്. ഒരു ക്യാംപസിലും ഒരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഈ സംഭവത്തിൽ ശക്തവും സ്വതന്ത്രവുമായ നിയമ ഇടപെടൽ ഉണ്ടാകണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ക്യാംപസ് ഫ്രണ്ടിന്റെ നിലപാടെന്നും റാഷിദ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് വെളിപ്പെടുത്തി.
''എസ്എഫ്ഐ പ്രവർത്തിക്കുന്ന ക്യാംപസുകളിൽ മറ്റുള്ളവർ പ്രവർത്തിക്കാൻ പാടില്ല എന്ന ധാർഷ്ട്യം അവർ ഭരിക്കുന്ന കലാലയങ്ങളിൽ നിലനിൽക്കുന്നുണ്ട്. മിക്കവർക്കും ബോധ്യമുള്ള കാര്യമാണിത്. കേരള യൂണിവേഴ്സിറ്റി, മഹാരാരാജാസ് കോളേജ്. മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലെ സ്ഥിതി ഇത് തന്നെയാണ്. മറ്റാരെങ്കിലും കൊടി കെട്ടാനോ തോരണമൊട്ടിക്കാനോ പോസ്റ്റർ ഒട്ടിക്കാനോ പോയാൽ അവരെ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യ നിലപാടാണ് ഇത്തരം ഒരു സംഭവത്തിൽ വരെ എത്തിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി മഹാരാജാസ് കോളേജിൽ നമ്മൾ സജീവമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ ഇലക്ഷനിൽ മത്സരിച്ചു. ഇത്തവണ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ ഒരുങ്ങുകയായിരുന്നു ഞങ്ങൾ'' മുഹമ്മദ് റാഷിദ് വിശദീകരിക്കുന്നു.
''ഇന്ന് കോളേജിൽ പ്രവേശനോത്സവമായിരുന്നു. അതിന്റെ ഭാഗമായി ഇന്നലെ കൊടികൾ കെട്ടാനും തോരണങ്ങൾ ഒട്ടിക്കാനും ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഒട്ടിച്ച പോസ്റ്ററിന്റെ മുകളിലും ചുവരെഴുത്തുകൾക്ക് മുകളിലും എസ്എഫ് ഐക്കാർ കരിഓയിൽ ഒഴിച്ചും അവരുടെ പേരെഴുതിയുമാണ് പ്രതികരിച്ചത്. അപ്പോഴുണ്ടായ വാക്കു തർക്കമാണ് ഇങ്ങനെയൊരു ദാരുണ സംഭവത്തിൽ കലാശിച്ചത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വരണം. എന്നാൽ എസ്എഫ്ഐയുടം ധാർഷ്ട്യ നിലപാടാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നാളെ മുതൽ ക്ലാസിൽ കയറേണ്ട ഒരു വിദ്യാർത്ഥിയും ഈ കേസിൽ പ്രതിയാണ്.'' മുഹമ്മദ് റാഷിദ് പറയുന്നു.
തിങ്കളാഴ്ച വൈകിട്ട് പന്ത്രണ്ട് മണിക്ക് ശേഷമാണ് മഹാരാജാസ് കോളേജിലെ രണ്ടാേം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യുവിന് കുത്തേത്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടന്ന പോസ്റ്റർ ഒട്ടിക്കലിൽ വാക്കുതർക്കമുണ്ടായതാണ് കൊലയിലെത്തിയതെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളും പരിക്കേറ്റ് ആശുപത്രിയിലാണ്. അതിലൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. നെഞ്ചിലാണ് അഭിമന്യുവിന് കുത്തേറ്റത്. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ്. സംഭവത്തിൽ പതിനഞ്ചോളം പേർ പ്രതിപ്പട്ടികയിലുണ്ടെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതി മുഹമ്മദ് മഹാരാജാസ് കോളേജിലെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയാണ്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
