ദില്ലി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും വിവാദങ്ങള്‍ക്ക് കുറവില്ല. പ്രവാചകന്‍ മുഹമ്മദിന്റെ സിനിമയെടുക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടാകുമോ എന്ന ചോദ്യവുമായി ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആണ്. 

ബിക്കനിറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി പദ്മാവതിനെതിരെ രംഗത്തെത്തിയത്. ചലചിത്രങ്ങളില്‍ പ്രവാചകന്‍ മുഹമ്മദിനെ കഥാപാത്രമാക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. 

ചിത്രീകരണത്തിന്റെ തുടക്കത്തില്‍ പ്രതിഷേധം നടന്നപ്പോള്‍തന്നെ ബന്‍സാലി സിനിമ നിര്‍ത്തിവയ്‌ക്കേണ്ടതായിരുന്നുവെന്നും ഗിരിരാജ് പറഞ്ഞു. ആരെങ്കിലും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഒരു ചിത്രത്തില്‍ അദ്ദേഹം നൃത്തം ചെയ്യുന്നതായി ചിത്രീകരിച്ചാല്‍ താന്‍ ക്ഷമിക്കില്ലെന്നും ഗിരിഗാജ് കൂട്ടിച്ചേര്‍ത്തു. 

രജ്പുത് രാജ്ഞി പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നത്. രജ്പുത് കര്‍ണിസേനയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.