ദോഹ: ഉത്പാദനം വെട്ടിക്കുറയ്‌ക്കാന്‍ ഒപെക് രാജ്യങ്ങള്‍ വിയന്നയിലെടുത്ത തീരുമാനം നടപ്പിലായാല്‍ ക്രൂഡോയില്‍ വില ബാരലിന് അറുപത് ഡോളറിലെത്തുമെന്ന് വിലയിരുത്തല്‍. അതേസമയം, തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ഉത്പാദക രാജ്യങ്ങള്‍ തയാറാവില്ലെന്നാണ് നിഗമനം. ഖത്തര്‍ നാഷണല്‍ ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
എണ്ണ ഉല്‍പാദനം പ്രതിദിനം 16 ലക്ഷം ബാരല്‍ കുറക്കാന്‍ കഴിഞ്ഞ ആഴ്ച വിയന്നയില്‍ ചേര്‍ന്ന ഒപെക്- ഒപെക് ഇതര രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കൈക്കൊണ്ട തീരുമാനം ആഗോള എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഉല്‍പാദന നിയന്ത്രണത്തെ ആവേശത്തോടെ സ്വീകരിച്ച വിപണി മൂന്നു ദിവസം കൊണ്ട് ഏഴു ഡോളറിലേറെ വില ഉയര്‍ത്തിയിരുന്നു. ബെന്‍ ക്രൂഡ് ബാരലിന് 53 ഡോളറിനു മുകളിലാണ് നിലവിലെ വില. എണ്ണ ഉല്‍പാദനം കുറക്കാനുള്ള വിയന്ന തീരുമാനം പരിഗണിക്കുമ്പോള്‍ ക്രൂഡോയില്‍ വില അടുത്ത വര്‍ഷത്തോടെ 55 മുതല്‍ 60 ഡോളര്‍ വരെ എത്തുമെന്നാണ് ഖത്തര്‍ നാഷണല്‍ ബാങ്ക് വിലയിരുത്തുന്നതെങ്കിലും തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ സാധ്യതയില്ലെന്ന ആശങ്കയും ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
പ്രധാന ഉത്പാദക രാഷ്‌ട്രങ്ങള്‍ ക്വാട്ടാ നിയന്ത്രണം പാലിക്കാറുണ്ടെങ്കിലും മറ്റു രാജ്യങ്ങള്‍ അങ്ങനെയല്ലെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. നൈജീരിയക്കും ലിബിയക്കും നിയന്ത്രണ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും ഉല്‍പാദനം സമീപ ഭാവിയില്‍ തന്നെ വര്‍ധിച്ചേക്കുമെന്നാണ് കണക്കു കൂട്ടല്‍ .
ആകെ ഉല്‍പാദനം 3.25 കോടി ബാരലായി കുറക്കാനുള്ള ഒപെക് തീരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ചുരുക്കത്തില്‍ വിയന്ന യോഗത്തില്‍ ഒപെക് എടുത്ത തീരുമാനം അതുപോലെ നടപ്പിലായാല്‍ എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉല്‍പാദക രാജ്യങ്ങളില്‍ ചിലരെങ്കിലും തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ പ്രശ്നം വീണ്ടും സങ്കീര്‍ണമാകും.
