4 വര്‍ഷത്തിനപ്പുറം ഖത്തറിലെത്തുമ്പോള്‍ മെസ്സിക്ക് 35 വയസാകും

ലിയൊണല്‍ മെസിക്ക് ലോകകിരീടം കിട്ടാക്കനിയാകുമോ എന്നതാണ് ലോകകപ്പില്‍ നിന്ന് അര്‍ജന്‍റീനയുടെ പുറത്താകല്‍ അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ ചോദ്യം. 4 വര്‍ഷത്തിനപ്പുറം അര്‍ജന്‍റീന ടീമില്‍ മെസ്സി ഉണ്ടാകുമോ എന്നതും കണ്ടറിയണം. ഇതൊരു മടക്കമാണെങ്കില്‍ ജര്‍മ്മനിയും ദക്ഷിണാഫ്രിക്കയും ബ്രസീലും നല്‍കിയതിനപ്പുറമൊന്നും റഷ്യയില്‍ നിന്ന് സ്വന്തമാക്കാനാകാതെയാണ് ആ മടക്കം.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍. പക്ഷെ ലോകകപ്പില്‍ മെസ്സിയുടെ കരസ്പര്‍മുണ്ടായിട്ടില്ല ഇതുവരെ. 4 വര്‍ഷത്തിനപ്പുറം ഖത്തറിലെത്തുമ്പോള്‍ മെസ്സിക്ക് 35 വയസാകും. ഒരു പതിറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള കോടിക്കണക്കിന് പേരെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ആ കാലുകള്‍ക്ക് 35 ആം വയസില്‍ ഇതേ ചടുലതയും വേഗവുമുണ്ടാകുമോ എന്നത് കാലത്തിന് മാത്രം നല്‍കാനാകുന്ന ഉത്തരം. പക്ഷെ ഈ വര്‍ഷമാദ്യം ചാംപ്യന്‍സ് ലീഗില്‍ റോമും ഇപ്പോള്‍ കസാനും നല്‍കുന്ന ചില സൂചനകളുണ്ട്. നാല്‍പതാം വയസില്‍ ഇറ്റലിയെ ലോകകിരീടത്തിലേക്ക് നയിച്ച ദിനോസോഫ്, 37ാം വയസില്‍ ലോകകപ്പ് നേടിയ നില്‍ട്ടണ്‍ സാന്‍റോസ് ,36 ല്‍ ചാംപ്യനായ മിറോസോവ് ക്ലോസെ, പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് കാട്ടിത്തന്നവരുണ്ട് മെസ്സിക്ക് മുന്നില്‍, ഖത്തറിലെത്തുമ്പോള്‍ പ്രചോദനമായി. 

എങ്കിലും സുവര്‍ണകാലത്ത് കിട്ടാതിരുന്ന ലോകകപ്പ് അന്ന് കയ്യിലൊതുക്കണമെങ്കില്‍ അര്‍ജന്‍റീനക്ക് മികച്ചൊരു ടീം ഉണ്ടായേ തീരൂ. ഫുട്ബോള്‍ കൂട്ടായ്മയുടെ ഗെയിമാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളും മെസ്സിയോടും അര്‍ജന്‍റീനയോടും പറഞ്ഞതും ഇതുതന്നെ. രാജ്യത്തിനായി ലോകകപ്പ് നേടണമെന്ന് മറ്റാരേക്കാളും ആഗ്രഹിക്കുന്നത് ലിയൊണല്‍ മെസ്സി തന്നെയാകും. മനസ്സിനൊപ്പം ഓടിയെത്താന്‍ ഈ അഞ്ചടി അഞ്ചിഞ്ചുകാരന്‍റെ ശരീരത്തിനുമായാല്‍ ഖത്തര്‍ മെസ്സിക്ക് സ്വപ്നസാക്ഷാത്കാരമാകും. 37 ാം വയസ്സില്‍ തന്‍റെ ആറാം ലോകകപ്പ് വരെ കാത്തിരിക്കേണ്ടിവന്നു ക്രിക്കറ്റ് ദൈവത്തിന് ലോകകിരീടം നേടാന്‍. ഫുട്ബോളിന്‍റെ മിശിഹക്ക് ഭാഗ്യം കൊണ്ടുവരുന്നത് മുപ്പത്തഞ്ചാം വയസിലെ അഞ്ചാം ലോകകപ്പാകുമോ. ഫുട്ബോള്‍ പ്രേമികള്‍ക്ക്, വിശേഷിച്ചും ലോകമെങ്ങുമുള്ള അര്‍ജന്‍റീനാ ആരാധകര്‍ക്ക് കാത്തിരിക്കാം.