ചോദ്യം ചെയ്യല്ലിൽ കുറ്റം സമ്മതിച്ച രാജൻ താൻ നേരത്തെയും വൃദ്ധയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തി.

പത്തനംതിട്ട: അർബ്ബുദ രോഗിയായ വൃദ്ധയെ പിഡിപ്പിച്ചതായി പരാതി. പീഡനത്തെ തുടർന്ന് പരിക്കേറ്റ് അവശനിലയിലായ വൃദ്ധ ഇപ്പോൾ ആശുപത്രിയിലാണ് സംഭവത്തിൽ അയൽവാസിയായ ടാപ്പിം​ഗ് തൊഴിലാളിയെ പൊലീസ് പിടികൂടി. 

കടമ്പനാട്ടുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയ്ക്ക് നേരെ കഴിഞ്ഞ ദിവസമാണ് ലൈം​ഗീകാതിക്രമം ഉണ്ടായത്. ഇവരുടെ അയൽവാസിയും ടാപ്പിം​ഗ് തൊഴിലാളിയുമായ രാജൻ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി ബലാത്സം​ഗം ചെയ്യുകയായിരുന്നു. അക്രമണത്തിൽ പരിക്കേറ്റ വൃദ്ധയെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. 

ആശുപത്രിയിൽ വച്ച് വൃദ്ധ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യല്ലിൽ കുറ്റം സമ്മതിച്ച രാജൻ താൻ നേരത്തെയും വൃദ്ധയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. പിന്നീട് കോടതിയിൽ ഹാജരാക്കി. 

ലഹരിമരുന്നുകൾ ഉപയോ​ഗിക്കുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. അടൂരിലെ ആശുപത്രിയില്‍ കഴിയുന്ന വൃദ്ധ അപകടനില തരണം ചെയ്തു വരികയാണ്. വൃദ്ധയുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും നഷ്ടപെട്ടതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് ഇപ്പോൾ അന്വേഷിച്ചു വരികയാണ്.