പ്രചാരണത്തിനിടെ ഓരോ വോട്ടറുടെയും ഷൂ പോളിഷ് ചെയ്തുകൊടുത്ത് കൊണ്ടാണ് ഈ സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നത്. 'രാഷ്ട്രീയ അംജാന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ത്ഥിയായ ശരദ് സിംഗ് കുമാര്‍ ആണ് കഥാനായകന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓരോ സ്ഥാനാര്‍ത്ഥിയും തനിക്ക് വോട്ട് തേടാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതിനിടയിലാണ് വിചിത്രമായ രീതിയില്‍ വോട്ട് തേടിക്കൊണ്ട് ഒരു സ്ഥാനാര്‍ത്ഥി വ്യത്യസ്തനാകുന്നത്. 

പ്രചാരണത്തിനിടെ ഓരോ വോട്ടറുടെയും ഷൂ പോളിഷ് ചെയ്തുകൊടുത്ത് കൊണ്ടാണ് ഈ സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നത്. 'രാഷ്ട്രീയ അംജാന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ത്ഥിയായ ശരദ് സിംഗ് കുമാര്‍ ആണ് കഥാനായകന്‍. വിചിത്രമായ തന്റെ പ്രചാരണം, പക്ഷേ തെരഞ്ഞെടുപ്പില്‍ അനുഗ്രഹമാകുമെന്നാണ് ഇയാള്‍ പറയുന്നത്. 

ശരദ് സിംഗ് കുമാറിന്റെ വോട്ടുതേടല്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. നേരത്തേ തെലങ്കാനയിൽ ഒരു സ്ഥാനാർത്ഥി വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തുകൊണ്ട് വോട്ട് തേടിയതും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെലങ്കാനയിലെ കൊരുട്‌ല മണ്ഡലത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഖുല ഹനുമന്ത് ആണ് ഇത്തരത്തില്‍ പ്രചാരണരംഗത്ത് വേറിട്ടുനിന്നത്. 

ഈ മാസം 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുക. ഡിസംബര്‍ 11ന് വോട്ടെണ്ണലും നടക്കും.