ഹാരിസൺ കേസ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഫയൽ വീണ്ടും പഠിച്ച ശേഷം പരിഗണിച്ചാൽ മതിയെന്ന് റവന്യൂ മന്ത്രി. ഉപാധികളില്ലാതെ കരം സ്വീകരിക്കണമെന്ന നിയമോപദേശത്തോട് മന്ത്രിക്ക് എതിർപ്പ്.

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഹാരിസണ്‍സ് കേസ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. റവന്യൂ മന്ത്രിയുടെ ഇടപെടലിനെ തുര്‍ന്നാണ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാതിരുന്നത്. ഫയൽ വീണ്ടും പഠിച്ച ശേഷം മന്ത്രിസഭാ യോഗം പരിഗണിച്ചാൽ മതിയെന്ന് റവന്യൂ മന്ത്രി നിലപാടെടുത്തു, പാട്ടക്കരാര്‍ ലംഘിച്ച് ഹാരിസണ്‍സ് മറിച്ചുവിറ്റ തോട്ടങ്ങളുടെ ഭൂനികുതി ഉപാധികളില്ലാതെ സ്വീകരിക്കണമെന്ന നിയമോപദേശത്തിന്‍മേല്‍ കൂടുതല്‍ പരിശോധന ആവശ്യമെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. വിഷയം അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. 

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ പക്കല്‍ നിന്നും ഭൂമി വാങ്ങിയ കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെ ഭൂനികുതി. ഉപാധികളില്ലാതെ സ്വീകരിക്കണമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥിന്‍റെ നിയമോപദേശം. സമാനമായ നിലപാടാണ് റവന്യൂ സെക്രട്ടറി പി എച്ച് കുര്യനുമുളളത്. എന്നാല്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഇതിനോട് യോജിപ്പില്ല. ഉപാധികളില്ലാതെ പോക്കുവരവ് ചെയ്ത് കൊടുക്കുന്നത് ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ വാദം ദുര്‍ബലമാക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. ഹാരിസണ്‍ വിറ്റ മറ്റ് തോട്ടങ്ങള്‍ കൂടി ഇതുവഴി നേട്ടമുണ്ടാക്കും.

റിയയുടെ ഭൂമി പോക്കുവരവ് ചെയ്യുകയാണെങ്കില്‍ ആ നടപടി സിവില്‍ കോടതിയിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നാണ് റവന്യൂ വകുപ്പിലെ താഴെ തട്ടില്‍ നിന്നു വന്നിട്ടുളള നിര്‍ദ്ദേശം. വിഷയം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കേണ്ടയായിരുന്നെങ്കിലും നിയമോപദേശത്തിന്‍മേല്‍ കൂടുതല്‍ പഠനം വേണമെന്ന് റവന്യൂ മന്ത്രി നിലപാടെടുക്കുകയായിരുന്നു. ഹാരിസണിന്‍റെ കൈവശമുളള തോട്ടങ്ങളിലെ മരം മുറിക്കാനുളള അനുമതി സംബന്ധിച്ചും സമാനമായ തര്‍ക്കമുണ്ട്. അതേസമയം, ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ ആരോഗ്യ നയത്തിന് അംഗീകാരം നല്‍കി. ആരോഗ്യ ഡയറ്കടറേറ്റ് വിഭജിച്ച് പൊതുജനാരോഗ്യത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. ലാബുകള്‍ക്കടക്കം രജിസ്ട്രേഷന്‍ നിര്‍ബന്ധനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.