സിറിയയിലെ രാഷ്‌ട്രീയാവസ്ഥയെ അതിസങ്കീര്‍ണ്ണമെന്ന് വിശേഷിപ്പിച്ച ബറാക് ഒബാമ, സൈനികശക്തി കൊണ്ട് മാത്രം ആ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് തുറന്നുപറഞ്ഞു. സൈനികരെ അയച്ച് അസദ് ഭരണകൂടത്തെ പുറത്താക്കാന്‍ ശ്രമിച്ചാല് അമേരിക്കയും ബ്രിട്ടനും വരുത്തുന്ന വലിയ പിഴവാകും അതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ കരുതലോടെയുള്ള പ്രതികരണം. എന്നാല്‍ സിറിയയില്‍ ഐഎസിനെതിരെ സഖ്യസൈന്യത്തിന് നല്‍കുന്ന വ്യോമ പിന്തുണ തുടരും. അധികാരത്തില്‍ തുടരുന്ന ഒമ്പത് മാസം കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചാല്‍, പിന്നീട് അമേരിക്കയുമായി ഒരു വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ബ്രിട്ടന്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും എടുക്കുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി. മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷം, ഒബാമ ജര്‍മ്മനിയിലേക്ക് തിരിച്ചു. അമേരിക്കയും ജര്‍മ്മനിയും തമ്മിലുള്ള വ്യാപാര നിക്ഷേപ പങ്കാളിത്ത കരാറിലെ തര്‍ക്കങ്ങള്‍, ഒബാമയുടെ സന്ദര്‍ശനത്തോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കരാറിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം ശക്തമാണ്.
