ജയിലിൽ നിന്ന് ഇനി നെറ്റിപ്പട്ടവും വാങ്ങാം കാക്കനാട് ജില്ല ജയിലിൽ വിൽപ്പന തുടങ്ങി അന്തേവാസികളാണ് നെറ്റിപ്പട്ടം നിർമ്മിക്കുന്നത്
കൊച്ചി:കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ഇനി നെറ്റിപ്പട്ടവും വാങ്ങാം. തടവുകാർ നിർമ്മിച്ച നെറ്റിപ്പട്ടങ്ങളുടെ വിൽപ്പന ജയിലിനു പുറത്തെ കൗണ്ടറിൽ തുടങ്ങി. വീട്ടിലും വാഹനങ്ങളിലുമൊക്കെ അലങ്കാരമായി ഉപയോഗിക്കാൻ കഴിയുന്ന നെറ്റിപ്പട്ടങ്ങളാണ് കാക്കനാട് ജില്ല ജയിലിലെ തടവുകാർ നിർമ്മിച്ചിരിക്കുന്നത്.
ജയിലിലെ അന്തേവാസികളെ തൊഴിൽ പരിശീലനത്തിൻറെ ഭാഗമായാണ് നെറ്റിപ്പട്ട നിർമ്മാണം പഠിപ്പിച്ചത്. തുടക്കത്തിൽ ഇരുപതു പേർക്ക് പരിശീലനം നൽകി. അടുത്തു തന്നെ കൂടുതൽ പേർക്ക് പരിശീലനം നൽകും. 750 മുതൽ 2500 രൂപ വരെയാണ് വലിയ നെറ്റിപ്പട്ടങ്ങളുടെ വില. ചെറുതിന് അമ്പത് മുതൽ 100 വരെ. വിതരണത്തിൻറെ ഉദ്ഘാടനം ജയിൽ മേധാവി ആർ. ശ്രീലേഖ നിർവ്വഹിച്ചു.
തൃശൂരില്‍ നിന്നാണ് നിർമ്മാണത്തിനുള്ള സാധനങ്ങളെത്തിക്കുന്നത്. നെറ്റിപ്പട്ടത്തിനു പുറമെ ഡെക്കറേറ്റീവ് മെഴുകു തിരി, അഗർബത്തി, ഫിനോയിൽ, കാർ വാഷ് തുടങ്ങിയവയുടെ നിർമ്മാണവും തടവുകാർ തുടങ്ങി. ജയിലിനു പുറത്തുള്ള കൗണ്ടറിൽ നിന്ന് കുറഞ്ഞ വിലയിൽ ഇവ എല്ലാവർക്കും വാങ്ങാം.
