അഞ്ചുസഹപ്രവര്‍ത്തകരുടെ മരണ വാര്‍ത്തയുമായി പത്രം  മുപ്പതോളം മാധ്യമപ്രവര്‍ത്തകരാണ് ആക്രമണ സമയത്ത് ഓഫീസിലുണ്ടായിരുന്നത്

മേരിലാന്‍ഡ്‍: വെടിയേറ്റ് അഞ്ചുസഹപ്രവര്‍ത്തകര്‍ മരണപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ മേരിലാന്‍ഡിലെ മാധ്യമ സ്ഥാപനത്തിൽ നിന്നും ഇന്നലെ പത്രമിറങ്ങി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ദ് ക്യാപിറ്റല്‍ ഗസ്റ്റ് പത്രത്തിന്‍റെ ചില്ലുവാതില്‍ തകര്‍ത്തെത്തിയ അക്രമിയുടെ വെടിവെപ്പില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായത്.ഒന്നാം പേജില്‍ ചിത്രങ്ങള്‍ സഹിതം ക്യാപിറ്റലില്‍ വെടിയേറ്റ് അഞ്ചുമരണം എന്ന തലക്കെട്ടോടെയാണ് സഹപ്രവര്‍ത്തകര്‍ പത്രം പുറത്തിറങ്ങിയത്. കെട്ടിടത്തിന്‍റെ കാര്‍ പാര്‍ക്കിലും പിക്അപ് ട്രക്കിലുമിരുന്നാണ് സഹപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ തയ്യാറാക്കിയത്.

ജെറോഡ് റാമോസിന്‍റെ വെടിവെപ്പില്‍ എഡിറ്റര്‍ വെന്‍ഡി വിന്‍റേഴ്സ് (65), സെയില്‍സ് അസിസ്റ്റന്‍റ് റെബേക്ക സ്മിത്ത് (34), അസിസ്റ്റന്‍റ് എഡിറ്റര്‍ റോബര്‍ട്ട് ഹിയാസെന്‍(59), എഡിറ്റോറിയല്‍ റൈറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍( 61), റിപ്പോര്‍ട്ടര്‍ ജോണ്‍ മക്നമാര( 56), എന്നിവരാണ് കൊല്ലപ്പെട്ടത്.

മുപ്പതോളം മാധ്യമപ്രവര്‍ത്തകരാണ് ആക്രമണ സമയത്ത് ഓഫീസിലുണ്ടായിരുന്നത്. എന്നാല്‍ ആദ്യ റൗണ്ട് വെടിവെപ്പിന് ശേഷം വീണ്ടും തോക്ക് നിറക്കുന്നതിനിടയില്‍ മറ്റ് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയതിന് പത്രത്തിനെതിരെ അക്രമി ജെറോഡ് റാമോസ് മുന്‍പ് അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു 2011 ല്‍ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.