കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്ക്മരുന്ന് വേട്ട. ഒരു കെമിക്കല്‍ ടാങ്കില്‍ പല കള്ളികളിലായി ഒളുപ്പിച്ച് വച്ചിരുന്ന 10 ദശലക്ഷത്തോളം ഗുകളികകളാണ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയത്. തുര്‍ക്കിയില്‍ നിന്നും ചരക്ക് കപ്പല്‍ വഴി അല്‍ ഷുവൈഖ് സീപോര്‍ട്ടില്‍ കൊണ്ടുവന്ന കെമിക്കല്‍ ടാങ്കില്‍ നിന്നാണ് മയക്ക് മരുന്നുകള്‍ പിടിച്ചത്.

ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗവുമായി ചേര്‍ന്നാണ് ഇവ കണ്ടെത്തതിയത്. ക്യാപറ്റഗന്‍ പില്‍സാണ് പിടികൂടിയത്. 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു ദശലക്ഷം ഗുളികകളാണ് ടാങ്കില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് 28-വയസുള്ള ഒരു സിറിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദ് ഉള്‍പ്പെടെയുള്ള ഉന്നത സംഘത്തിന്റെ നേത്യത്വത്തിലായിരുന്നു തെളിവെടുപ്പ്.സംഭവത്തില്‍ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.