എഞ്ചിനീയര്‍ റെജിമെന്‍റ്-8ലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സയിദ് ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരിലാണ് സേവനം അനുഷ്ഠിച്ചത്.
സൈനികരും 'കേരളത്തിന്‍റെ സ്വന്തം സൈന്യ'മെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളും നാട്ടുകാരുമെല്ലാം ഒത്തുചേര്‍ന്ന് ദുരന്തമുഖത്ത് നടത്തിയ ഇടപെടലിലാണ് കേരളം ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്നത്. പ്രളയകാലത്ത് സൈനികസഹായം തേടാന്‍ കേരളസര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ആരോപിച്ച് സൈനിക യൂണിഫോമിലുള്ള ഒരാളുടെ വീഡിയോ ആയിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഒരു ചര്‍ച്ചാവിഷയം. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ സൈനികനല്ലെന്നും മറിച്ച് ആള്‍മാറാട്ടക്കാരനാണെന്നുമാണ് ഇന്നലെ കരസേന വ്യക്തമാക്കിയിരുന്നതെങ്കിലും ഇയാള്‍ പട്ടാളക്കാരന്‍ തന്നെയാണെന്നാണ് പുതിയ വിവരം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് വീഡിയോയില്‍ വന്നതെന്നാണ് സൂചന. ഭയാനകമായ മനുഷ്യദുരന്തത്തെ നേരിടാന്‍ എല്ലാ പരിശ്രമവും നടത്തുമ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ ഉണ്ടാവുന്നതിലെ അതൃപ്തി സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ദുരന്തമുഖത്ത് കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു സൈനികനെ പരിചയപ്പെടുത്തുകയാണ് ഇന്ത്യന്‍ ആര്‍മി.
ക്യാപ്റ്റന്‍ സയിദ് അഷദ് അഹമ്മദ് എന്ന പട്ടാളക്കാരനെയാണ് ഇന്ത്യന്‍ ആര്‍മി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ പരിചയപ്പെടുത്തുന്നത്. എഞ്ചിനീയര്‍ റെജിമെന്‍റ്-8ലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സയിദ് ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരിലാണ് സേവനം അനുഷ്ഠിച്ചത്. പമ്പയും അച്ചന്‍കോവിലും തീര്‍ത്ത പ്രളയത്തില്‍ വീടുകളിലും മറ്റും കുടുങ്ങിപ്പോയ 57 നാട്ടുകാരെയാണ് ക്യാപ്റ്റന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. പതിനഞ്ച് ബ്രിഗേഡുകളാണ് കേരളത്തിലെ പ്രളയത്തെ നേരിടാന്‍ കരസേന സജ്ജമാക്കിയത്. 20 ഗ്രാമങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു. 1200 പേര്‍ക്ക് ഭക്ഷണമെത്തിച്ചു. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് കരസേന എഡിജിപിഐ ക്യാപ്റ്റന്‍ സയിദ് അഷദ് അഹമ്മദിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
