തിരുവനന്തപുരം: കേരളത്തിൽ നിന്ന് ആഢംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി മറിച്ച് വിൽക്കുന്നയാളെ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ് ഇയാൾ.

പാലക്കാട് സ്വദേശി ഷിബു ബാലനാണ് അറസ്റ്റിലായത്. രണ്ടുവർഷമായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഢംബര വാഹനങ്ങൾ വാടയ്ക്കെടുത്ത് തമിഴ്നാട് അടക്കം ഇതരസംസ്ഥാനങ്ങളിൽ കൊണ്ടുപോയി മറിച്ച് വിൽക്കും. വ്യാജ തിരിച്ചറിയൽ രേഖകൾ കാണിച്ചാണ് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതെന്ന് പൊലീസ് പറയുന്നു.

മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം നെട്ടയത്തെ വീട്ടിലെത്തിയപ്പോഴാണ് വട്ടിയൂർക്കാവ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുന്നത്. 2016 ൽ കായികതാരത്തിന് ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയ കേസിൽ ഒന്നാംപ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളും പ്രതികളാണ്.

വാഹനതട്ടിപ്പിലടക്കം ഇയാളുടെ സഹായികളായിരുന്നവരെ എട്ടു മാസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തുടനീളം ഇയാൾക്കെതിരെ നിരവധി കേസുകളുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ റിമാൻഡ് ചെയ്തു.