തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ച് നശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊയ്തൂര്‍ക്കോണം സ്വദേശി ഷാനവാസിന്റെ കാറാണ് കത്തിനശിച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന് പുറത്ത് വലിയ ശബ്ദം കേട്ട്, പുറത്തിറങ്ങി നോക്കിയ ഷാനവാസ് കാര്‍ കത്തുന്നതാണ് കണ്ടത്. പടര്‍ന്നു പിടിച്ച തീ അണയ്ക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. രണ്ട് മാസം മുമ്പ്, ഷാനവാസിന്റെ മറ്റൊരു കാറും തീവച്ച് നശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശിയായ ഷാന്‍ എന്നയാളെ അന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കാര്‍ വാടകയ്ക്ക് കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ഷാന്‍ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷവും ഷാന്‍ ഭീഷണി മുഴക്കിയിരുന്നതായി ഷാനവാസ് പൊലീസിനോട് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് ഷാന്‍. പെട്രോള്‍ നിറച്ചുകൊണ്ട് വന്ന കുപ്പിയും തീപ്പെട്ടിയും കത്തിനശിച്ച കാറിനടത്തു നിന്ന് പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. വിരലടയാളം ശേഖരിച്ചു. മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി. ഷാന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.