കണ്ണൂര്‍: വിവാദമായ തലശേരി ബ്രണ്ണൻ കോളേജ് മാഗസിൻ പുറത്തിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് കാട്ടി മാഗസിൻ എഡിറ്ററും, സ്റ്റാഫ് എഡിറ്ററും അടക്കം 13 പേർക്കെതിരെയാണ് കേസ്. അതേസമയം, മാഗസിൻ വിഷയത്തിൽ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

ദേശീയ പതാകയെയും ദേശീയഗാനത്തെയും അവഹേളിച്ചുവെന്ന് കാട്ടി എബിവിപി ജില്ലാ കൺവീനർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാഗസിൻ എഡിറ്റർക്കും പുറമെ കോളേജ് യൂണിയനിലെ 13 പേരെയും ചേർത്ത് ധര്‍മടംപോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിന്‍റെ 125ആം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ മാഗസിനിലെ 12ആം പേജില്‍ ദേശീയഗാനത്തേയും ദേശീയ പതാകയെയും ഉൾപ്പെടുത്തിയുള്ള ഹൈക്കു കവിതയ്ക്ക് നൽകിയ ചിത്രീകരണമാണ് വിവാദത്തിനു തിരികൊളുത്തിയത്.

കേസിൽ ഉടൻ അറസ്റ്റുണ്ടാകും. കെ.എസ്.യുവും എബിവിപിയും പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് മാഗസിനിലെ വിവാദമായ പേജുകള്‍ പിന്‍വലിച്ച് പുറത്തിറക്കാൻ കോളേജ് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാല്‍ മാഗസിന്‍റെ എഡിറ്റോറിയല്‍ സമിതിക്കെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. മാഗസിൻ വിവാദത്തെത്തുടർന്ന് അനിഷ്ട സംഭവങ്ങഉണ്ടാകാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.