കഴിഞ്ഞ ചില വര്‍ഷങ്ങളായി ബാല്‍ദേഹ് ഗ്രാമത്തിലുള്ള ഒരു പള്ളിയില്‍ പോകാനും പ്രാര്‍ഥനകളില്‍ പങ്കുചേരാനും നിര്‍ബന്ധിക്കുകയാണെന്ന് പരാതിപ്പെട്ട ഹിന്ദു ജാഗ്രണ്‍ മഞ്ചിന്‍റെ അഭിഭാഷകന്‍ ബ്രിജേഷ് സിംഗ് ആരോപിച്ചു

ലക്നൗ: തെറ്റിദ്ധാരണ ഉളവാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 271 പേര്‍ക്കെതിരെ യുപിയില്‍ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ജൗണ്‍പൂരിലെ ചാന്ദ്വക് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കബളിപ്പിക്കല്‍, പ്രാര്‍ഥനാലയങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പാണ്ഡെ പറഞ്ഞു. ഹിന്ദു ജാഗ്രണ്‍ മഞ്ച് പ്രവര്‍ത്തകന്‍റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജൗണ്‍പൂര്‍, വാരണാസി, അസ്മാഗര്‍ഹ്, ഗാസിപൂര്‍ എന്നീ ജില്ലകളില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി ബാല്‍ദേഹ് ഗ്രാമത്തിലുള്ള ഒരു പള്ളിയില്‍ പോകാനും പ്രാര്‍ഥനകളില്‍ പങ്കുചേരാനും നിര്‍ബന്ധിക്കുകയാണെന്ന് പരാതിപ്പെട്ട ഹിന്ദു ജാഗ്രണ്‍ മഞ്ചിന്‍റെ അഭിഭാഷകന്‍ ബ്രിജേഷ് സിംഗ് ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദു മതത്തെ പറ്റി തെറ്റായ കാര്യങ്ങളെ പറഞ്ഞ് അവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും ബ്രിജേഷ് പറയുന്നു. ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുന്നതിനായി ഇക്കൂട്ടര്‍ നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നു നല്‍കിയിരുന്നതായും ബ്രിജേഷ് ആരോപിക്കുന്നു.

ഓഗസ്റ്റ് രണ്ടിനാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കേസ് എടുക്കണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് 31ന് ഹര്‍ജി പരിഗണിച്ച കോടതി സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.