ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥി സൂരജിനെ ആക്രമിച്ച എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. എബിവിപിയുടെ പരാതിയില്‍ സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഐഐടിയ്ക്ക് അകത്തും പുറത്തും ഇന്നും പ്രതിഷേധം തുടരും.
ഏറോസ്‌പേസ് വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാര്‍ഥിയും അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തകനുമായ സൂരജിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. എം എസ് ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മനീഷ് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. മര്‍ദ്ദനത്തില്‍ സൂരജിന്റെ വലതു കണ്ണിന് സാരമായ പരിക്കേറ്റു. സംഭവത്തില്‍ ഐപിസി 324, 341 വകുപ്പുകള്‍ പ്രകാരം ആയുധം കൊണ്ടുള്ള ആക്രമണം, ബലപ്രയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സൂരജിനെതിരെ കേസെടുത്തു. മനീഷ് കുമാറിനും മറ്റ് ഏഴ് പേര്‍ക്കുമെതിരെ ഐപിസി 147, 341, 323, 506 വകുപ്പുകള്‍ ചുമത്തിയും കേസെടുത്തിട്ടുണ്ട്. സൂരജിന് കണ്ണിനുള്‍പ്പടെ രണ്ട് ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നത്. സര്‍വകലാശാലയുമായി ഒത്തു കളിച്ച് ആശുപത്രി അധികൃതര്‍ സൂരജിന് ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ക്യാംപസ് ഡീനുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇന്നലെ രാത്രി ക്യാംപസില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ഡീന്‍സ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തവര്‍ക്കെതിരെ ഇപ്പോഴും ഭീഷണി ഉയരുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിയ്ക്കുന്നു.
ഇതിനിടെ ക്യാംപസിന് പുറത്ത് ഇന്നലെ രാത്രി ബീഫ് വിളമ്പി പ്രതിഷേധിച്ച വിവിധ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഐഐടിയ്ക്ക് ചുറ്റും പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
