Asianet News MalayalamAsianet News Malayalam

എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം

  • രേഖകളില്‍ മാറ്റം വരുത്തി, ഡ്രൈവറായി ഗവാസ്കര്‍ക്ക് പകരം മറ്റൊരാളുടെ പേര് എഴുതി. 
case against adgp daughter
Author
First Published Jun 24, 2018, 11:52 AM IST

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ക്കെതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ഇതിന്‍റെ ഭാഗമായി വാഹനരേഖകളില്‍ തിരുത്തല്‍ വരുത്തി. സംഭവദിവസം വാഹനമോടിച്ചത് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറല്ലെന്നും മറ്റൊരാളാണെന്നും വരുത്തി തീര്‍ക്കാനാണ് രേഖകള്‍ തിരുത്തിയത്. ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാനും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാതെയും അന്വേഷണസംഘം ഒത്തുകളിക്കുന്നുണ്ട്. 

സഭവംദിവസം 9 മണിക്ക് ജെയ്സൺ എന്ന ഡ്രൈവറായിരുന്നു വാഹനം ഓടിച്ചത് എന്ന് വരുത്താനായിരുന്നു രേഖകളില്‍ തിരുത്തു വരുത്തിയത്. സംഭവദിവസം രാവിലെ ആറരയോടെ താന്‍ എഡിജിപിയുടെ ഭാര്യയേയും മകളേയും കനക്കകുന്നിലേക്ക് കൊണ്ടുപോയി എന്നായിരുന്നു ഗവാസ്കറുടെ മൊഴി. ഇത് അട്ടിമറിക്കാനാണ് ജെയ്സന്‍റെ പേര് എഴുതി ചേര്‍ത്തത്. എന്നാല്‍ രജിസ്റ്ററില്‍ തന്‍റെ പേരെഴുതിയത് എഡിജിപി പറഞ്ഞിട്ടാണെന്ന് ജെയ്സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെ ഈ നീക്കം പൊളിഞ്ഞു. 

നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്. സംഭവദിവസം എ‍ഡിജിപിയേയും മകളേയും കനകക്കുന്നില്‍ വച്ചു കണ്ടതായി സമീപത്തുള്ള ഒരു ജ്യൂസ് കടക്കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ മൊഴി നല്‍കാന്‍ തയ്യാറാവുന്നില്ല എന്നാണ് സൂചന. ഇതു കൂടാതെ പോലീസിന്‍റെ നിരന്തരനിരീക്ഷണമുള്ള കനകക്കുന്നിലെ സിസിടിവി ദൃ-ശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തയ്യാറായിട്ടില്ല. 

കനകക്കുന്നിലേത് കൂടാതെ എഡിജിപിയുടെ വീട്ടില്‍ നിന്നും കനകക്കുന്നിലേക്ക് പോകുന്ന വഴിയിലും പലയിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതൊന്നും തന്നെ ഇതുവരെയും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിട്ടില്ല. നിശ്ചിതദിവസങ്ങള്‍ കഴിഞ്ഞാല്‍ സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞു പോകും എന്നതിനാല്‍ അതിന് വേണ്ടി മനപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

അതിനിടെ ഇന്നലെ ആശുപത്രി വിട്ട ഗവാസ്കറേയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം കനകകുന്നിലെത്തി തെളിവെടുപ്പ് നടത്തി. അടുത്ത മാസം നാലിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് തെളിവെടുപ്പ്. 

വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിച്ച ഗവാസ്കര്‍ അന്നേദിവസം നടന്ന സംഭവങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വിവരിച്ചു.  ഗവാസ്കര്‍  വാഹനം തന്‍റെ കാലിൽ കയറ്റിയെന്ന പെൺകുട്ടിയുടെ പരാതിയില്‍ കഴന്പില്ലെന്നാണ് വാഹനപരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ സംഭവത്തിന് ദൃക്സാക്ഷികളുമില്ല. 

Follow Us:
Download App:
  • android
  • ios