കണ്ണൂര്‍: വിദ്യാർത്ഥി പ്രവേശനത്തിൽ കൃത്രിമം കാണിച്ചതിന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. എം.ബി.ബി.ബി.എസ് വിദ്യാർത്ഥിയുടെ പരാതിയിൽ ചെയർമാനും, എം.ഡിയും, പ്രിൻസിപ്പലും അടക്കം നാല് പേർക്കെതിരെയാണ് വ്യാജരേഖ ചമച്ചതിനും പണം തട്ടിയതിനും കേസ്. പ്രവേശന നടപടികൾ റദ്ദാക്കിയ ജെയിംസ് കമ്മിറ്റി നടപടി കോടതികളും ശരിവെച്ചതോടെ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും പണവും തിരികെ ലഭിക്കാതെ ആശങ്കയിലാണ്.
ചെയർമാൻ ഒന്നാം പ്രതിയും, ഡയറക്ടർ ഹാഷിം രണ്ടാം പ്രതിയും പ്രിൻസിപ്പൾ മൂന്നാംപ്രതിയുമാണ് കേസിൽ. പ്രവേശന നടപടികൾ ജെയിംസ് കമ്മിറ്റി റദ്ദാക്കിയതോടെ അംഗീകാരവും അധ്യന വർഷവും നഷ്ടപ്പെട്ട വിദ്യാർത്ഥികളിൽ 40 ലക്ഷം മുതൽ മുകളിലോട്ട് ഫീസിന്തിൽ നൽകിയവരുണ്ട്. പഠനം തുടരാനാവില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ പണവും രേഖകളും തിരികെ വേണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചതും കിട്ടാതായതോടെ പൊലീസിൽ പരാതി നൽകിയതും. മധ്യസ്ഥ ചർച്ചകളും ഫലം കണ്ടില്ല. ഇത്രയും വിദ്യാർത്ഥികൾക്കായി കോടികളാണ് തിരികെ നൽകേണ്ടത്. എൻ.ആർ.ഐ ക്വാട്ടയിൽ വേണ്ടത്ര യോഗ്യതയില്ലാത്ത കുട്ടികളെ വ്യാജരേഖയുണ്ടാക്കി പ്രവേശിപ്പിച്ചതും, സ്പോട്ട് അഡ്മിഷന് കുട്ടികളെ എത്തിക്കാതിരുന്നതും ആണ് അംഗീകാരം തിരികെക്കിട്ടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ വഴി ഓർഡിനൻസിനാണ് ഇപ്പോൾ മാനേജ്മെന്റ് നീക്കം.
എന്നാൽ ഇനി പഠനം തുടരാനില്ലെന്ന് കാട്ടി കൂടുതൽ പേർ പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയിട്ടുണ്ട്. അതേസമയം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇവിടെ നിലവിൽ പ്വരശനം നേടിയവരുടേത്. നീറ്റ് പരീക്ഷയെഴുതി പ്രവേശനം കിട്ടിയിട്ടും അംഗീകാരം റദ്ദായതോടെ കഴിഞ്ഞ ആധ്യന വർഷവും, കാലാവധി തീർന്നതിനാൽ ഈ വർഷത്ത പ്രവേശന സാധ്യതയും നഷ്ടപ്പെട്ടു. ഇനി അടുത്ത വർഷം നീറ്റെഴുതി പ്രവേശനം നേടണം. ചുരുക്കത്തിൽ 3 വർഷം നഷ്ടപ്പെടുന്ന അവസ്ഥ. ഏതായാലും കേസിൽ ഉടനെ തുടർനടപടികളിലേക്ക് പോകാനാണ് പൊലീസ് തീരുമാനം.
