Asianet News MalayalamAsianet News Malayalam

വായ്പ തിരിച്ചടച്ചില്ല; ബിനോയിക്കു പിന്നാലെ ബിനീഷിനെതിരെയും ദുബായിൽ കേസ്

case against bineesh kodiyeri too
Author
First Published Feb 6, 2018, 6:13 PM IST

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരെയും ദുബായിൽ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകൾ. ഒരു കേസിൽ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. മൂന്നു വർഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റർ ചെയ്തതായി മനോരമ റിപ്പോര്‍ട്ട്. 

ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും രണ്ടേകാൽ ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി കാണിച്ചു സ്വകാര്യ കമ്പനി നൽകിയ പരാതിയിലാണു ബിനീഷിനെ രണ്ടു മാസത്തെ തടവിനു ശിക്ഷിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2015ൽ റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ഡിസംബറിലാണു കോടതി ശിക്ഷ വിധിച്ചത്. ബാങ്കിൽനിന്ന് അറുപതിനായിരം ദിർഹം വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതാണു ബിനീഷിനെതിരെയുള്ള മറ്റൊരു കേസ്. ഈ കേസിൽ മൂവായിരം ദിർഹം ബിനീഷ് പിഴ അടയ്ക്കുകയും ചെയ്തു. ദുബായിലെ ക്രെഡിറ്റ് കാർഡ് കമ്പനിക്കു പണം നൽകാതിരുന്നതാണു മൂന്നാമത്തെ കേസ്. മുപ്പതിനായിരം ദിർഹം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നു കമ്പനി ഖിസൈസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്. 

ദുബായിലെ ബാങ്കിൽനിന്ന് അഞ്ചേകാൽ ലക്ഷം ദിർഹം ലോണെടുത്തു തിരിച്ചടച്ചില്ലെന്ന പരാതിയിൽ ഇ.പി.ജയരാജന്റെ മകൻ ജതിൻ രാജിനെതിരെയും കേസുണ്ട്. ഈ കേസിൽ മൂന്നു മാസത്തെ തടവിനു ജതിൻ രാജിനെ ദുബായ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലായ അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കാനാണ് ഈ ലോൺ എടുത്തതെന്നാണു ജതിൻ രാജുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Follow Us:
Download App:
  • android
  • ios