എസ്.ഹരീഷിന്‍റെ മീശ നോവൽ കത്തിച്ച് പ്രതിഷേധിച്ച നാല് ബിജെപി  പ്രവർത്തകർക്കെതിരെ കന്‍റോണ്‍മെന‍്‍റ് പൊലീസ് കേസെടുത്തു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിനെതിരെയാണ് പ്രസാധകരുടെ പരാതിയെ തുടര്‍ന്ന്  കേസ് എടുത്തത്.

തിരുവനന്തപുരം: എസ്.ഹരീഷിന്‍റെ മീശ നോവൽ കത്തിച്ച് പ്രതിഷേധിച്ച നാല് ബിജെപി പ്രവർത്തകർക്കെതിരെ കന്‍റോണ്‍മെന‍്‍റ് പൊലീസ് കേസെടുത്തു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിനെതിരെയാണ് പ്രസാധകരുടെ പരാതിയെ തുടര്‍ന്ന് കേസ് എടുത്തത്. പുസ്തക പ്രസാധകരായ ഡിസി ബുക്സിൻറെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ചില ബിജെപി പ്രവർത്തർ ചേർന്ന് ഇന്നലെ പുസ്തകം കത്തിച്ചത്. 

അതേസമയം, എസ് ഹരീഷിന്‍റെ വിവാദ നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി പുസ്തങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് നിരീക്ഷിച്ചു. മീശ നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു. പുസ്തകം നിരോധിക്കുന്നത് ആർട്ടിക്കിൾ 19 ന്റെ ലംഘനമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മീശയിലെ വിവാദ പരാമര്‍ശം രണ്ട് പേര്‍ തമ്മിലുള്ളതാണ്. പുസ്തങ്ങൾ നിരോധിക്കുന്നത് രീതി അംഗീകരിക്കാനാവില്ല. മീശയുടെ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. 

സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ബുധനാഴ്ചയാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് ഹരീഷ് പറഞ്ഞിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ച് കൊണ്ടിരിക്കെയാണ് ഭീഷണികളെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചത്.