ശ്മശാനം ജീവനക്കാരായ ബാബു,ഷാജി എന്നിവര്‍ക്കെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കാന് വിസമ്മതിച്ച സംഭവത്തില് രണ്ട് ശ്മാശനം ജീവനക്കാര്ക്കെതിരെ പോലീസ് കേസെടുത്തു.
മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്പറേഷന് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള് ചുമത്തിയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ശ്മശാനം ജീവനക്കാരായ ബാബു,ഷാജി എന്നിവര്ക്കെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്.
നാദാപുരം ചെക്യാട് സ്വദേശി അശോകന്റെ മൃതശരീരം സംസ്കരിക്കാൻ വിസമ്മതിച്ച സംഭവത്തിലാണ് പോലീസ് കേസ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് വച്ച് ബുധനാഴ്ച്ച രാവിലെ എട്ട് മണിയ്ക്കാണ് നിപ വൈറസ് രോഗബാധിതനായ അശോകന് മരിക്കുന്നത്.
അശോകന്റെ മൃതശരീരം സംസ്കരിക്കാൻ ബന്ധുക്കൾ മാവൂർ റോഡിലെ വൈദ്യുത ശ്മശാന ജീവനക്കാരെ സമീപിച്ചപ്പോൾ യന്ത്രതകരാറെന്ന് പറഞ്ഞ് കൈയ്യോഴിഞ്ഞു. തുടർന്ന് മാവൂർ റോഡിലെ പരന്പരാഗത ശ്മശാനത്തിലെത്തി സംസ്കരിക്കാൻ ശ്രമിച്ചപ്പോൾ ആണ് അവിടുത്തെ ജീവനക്കാര് എതിർപ്പുയർത്തിയെന്ന് ബന്ധുക്കൾ പറയുന്നു.
ഇതിനെതിരെ ബന്ധുക്കളും അശോകന്റെ നാട്ടുകാരും പ്രതിഷേധിച്ചപ്പോൾ തഹസിൽദാർ എത്തി ചർച്ച നടത്തി. തഹസില് ദാര് കൂടി ഇടപെട്ട് പിന്നീട് ഐവര്മഠത്തിന്റെ ശാഖയെ സമീപിച്ചാണ് മൃതശരീരം സംസ്കരിച്ചത്. സംസ്കാരത്തിന് തടസ്സം സൃഷ്ടിച്ചവർക്കെതിരെ കോര്പറേഷന് ആരോഗ്യ വിഭാഗം നല്കിയ പരാതിയിലാണ് ഇപ്പോള് പോലീസ് കേസെടുത്തിരിക്കുന്നത്.
