മധുര: തമിഴ്നാട്ടിലെ മധുരജില്ലയിലെ ഉലൈപ്പട്ടി ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരായ വിദ്യാർഥികളെ അപമാനിച്ചെന്നാരോപിച്ച് ദളിത് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്കോ നിയമമാണ് ഒൻപതും ആറും വയസ്സുള്ള വിദ്യാർഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാതിപ്പേര് വിളിച്ച് കുട്ടികളെ ആദ്യം അപമാനിച്ചത് ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളാണെന്ന് ദളിത് വിദ്യാർഥികളുടെ അച്ഛനമ്മമാർ ആരോപിച്ചു.

മധുരയിലെ ഉസലാംപെട്ടിയ്ക്കടുത്തുള്ള ഉലൈപ്പട്ടി ഗ്രാമത്തിലാണ് സംഭവം. രാവിലെ സ്കൂളിലേയ്ക്ക് പോവുകയായിരുന്ന ഉയർന്ന ജാതിയിൽപ്പെട്ട നാല് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിയ്ക്കും നേരെ ദളിത് വിദ്യാർഥികൾ മോശം വാക്കുകളുപയോഗിച്ചുവെന്നും ദേഹത്തേയ്ക്ക് ചാണകം വലിച്ചെറിഞ്ഞു എന്നുമാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് കുട്ടികൾ തമ്മിൽ വഴക്കുണ്ടാവുകയും ഇരുകൂട്ടരും പരസ്പരം കല്ലെറിയുകയും ചെയ്തു. കല്ലേറിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ഒരു പെൺകുട്ടിയുൾപ്പടെ ഒൻപതും ആറും വയസ്സുള്ള ദളിത് വിദ്യാർഥികൾക്ക് നേരെ പൊലീസ് പോസ്കോ നിയമം ചുമത്തി കേസെടുത്തത്.

എന്നാൽ ജാതിപ്പേര് വിളിച്ച് ആദ്യം ആക്ഷേപിച്ചത് ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളാണെന്ന് ദളിത് വിദ്യാ‍ർഥികൾ പറയുന്നു. കുട്ടികൾ തമ്മിലുള്ള തെരുവുവഴക്കിന്‍റെ പേരിൽ ഗുരുതരമായ കുറ്റങ്ങൾ പത്തു വയസ്സിൽത്താഴെയുള്ള കുട്ടികൾക്കു മേൽ ചുമത്തിയതിനെതിരെ തമിഴ്നാട്ടിൽ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. കുട്ടികൾക്കു നേരെ പോസ്കോ ചുമത്തുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും കേസുകൾ പിൻവലിക്കണമെന്നും പട്ടാളി മക്കൾ കച്ചി നേതാവ് അൻപുമണി രാംദോസ് ആവശ്യപ്പെട്ടു.