ജമ്മു സ്വദേശിയായ പെണ്‍കുട്ടി തൊലിപ്പുറത്തെ അണുബാധയെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്ലീവ്‌ലെസ് ടോപ്പ് ധരിക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നത്തിന്റെ തുടക്കം

മുംബൈ: തൊലിപ്പുറത്ത് അണുബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന് വാര്‍ഡന് നേരെ പൊലീസ് കേസ്. ജൂഹുവിലെ എസ്.എന്‍.ഡി.ടി വുമണ്‍സ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് സംഭവം നടന്നത്. 

ഹോസ്റ്റല്‍ വാര്‍ഡനായ രചന ജാവേരിക്കെതിരെ ബി-ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ജമ്മു സ്വദേശിയായ പെണ്‍കുട്ടി തൊലിപ്പുറത്തെ അണുബാധയെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്ലീവ്‌ലെസ് ടോപ്പ് ധരിക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നത്തിന്റെ തുടക്കം. 

സ്ലീവ്‌ലെസ് ടോപ്പ് ധരിച്ച് ഹോസ്റ്റലിനകത്ത് നില്‍ക്കവേ, വാര്‍ഡന്‍ പെണ്‍കുട്ടിയെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതെന്ന് ചോദിച്ചായിരുന്നു ആദ്യം പ്രശ്‌നമുണ്ടാക്കിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണെന്ന് പറഞ്ഞതോടെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി വസ്ത്രമഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. 

പെണ്‍കുട്ടികള്‍ ഇത്തരം ധാരാളം 'എക്‌സ്‌ക്യൂസ്' പറയുമെന്നും സംഗതി സത്യമാണോയെന്ന് അറിയണ്ടേയെന്നും പറഞ്ഞാണ് ഇവര്‍ വസ്ത്രമഴിച്ച് പരിശോധിച്ചതെന്ന് പത്തൊമ്പതുകാരിയായ പെണ്‍കുട്ടി തന്റെ പരാതിയില്‍ പറയുന്നു. 

സംഭവം പുറത്തറിഞ്ഞതോടെ ക്യാംപസില്‍ വാര്‍ഡനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് വാര്‍ഡന് നേരെ ചുമത്തിയിരിക്കുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സാന്റാക്രൂസ് പൊലീസ് അറിയിച്ചിട്ടുണ്ട്.