മലപ്പുറം ആലങ്കോട് മരത്തിന്‍റെ ചില്ലകൾ വെട്ടിയതിനെ തുടർന്ന് പക്ഷികൾ കൂട്ടത്തോടെ വീണ് ചത്ത സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വില്ലേജ് ഓഫീസർക്കെതിരെയാണ് കേസ്.

മലപ്പുറം: മലപ്പുറം ആലങ്കോട് മരത്തിന്‍റെ ചില്ലകൾ വെട്ടിയതിനെ തുടർന്ന് പക്ഷികൾ കൂട്ടത്തോടെ വീണ് ചത്ത സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വില്ലേജ് ഓഫീസർക്കെതിരെയാണ് കേസ്.

ആലങ്കോട് വില്ലേജ് ഓഫീസിൽ വന്നു പോകുന്നവരുടേയും വഴിയാത്രക്കാരുടേയും ദേഹത്ത് നീർകാക്കകളുടെ കാഷ്ഠം വീഴുന്നുവെന്ന പരാതിയെ തുടർന്നാണ് മരത്തിന്റെ കൊമ്പുകൾ മുറിക്കാൻ വില്ലേജ് ഓഫീസർ ഉത്തരവിട്ടത്. നുറുകണക്കിന് നീർ കാക്കകളുടേയും കൊറ്റികളുടേയും വാസ കേന്ദ്രമായിരുന്നു ഈ മരക്കൊമ്പുകൾ. കൊമ്പുകൾ മുറിച്ചതോടെ കൂടുകൾ അടക്കം നീർക്കാക്കകളും കൊറ്റികളും താഴെ വീണു ചത്തു.

പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് വനം വകുപ്പ് വില്ലേജ് ഓഫീസർ പങ്കജത്തിനെതിരെ കേസെടുത്തത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം ആവാസ വ്യവസ്ഥ നശിപ്പിക്കൽ, വേട്ടയാടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.നിലത്ത് വീണ് പരിക്കേറ്റ 75 പക്ഷിക്കുഞ്ഞുങ്ങളെ തൃശൂർ മൃഗശാലയിലക്ക് മാറ്റാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.