യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍  നിന്നുള്ള തൊഴിലാളികൾ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം

ഭോപ്പാല്‍: ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുഖ്യനും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെതിരെ കേസ്. മുസാഫര്‍പൂര്‍ കോടതിയില്‍ തമന്ന ഹാഷ്മി എന്നയാളാണ് കമല്‍നാഥിനെതിരെ കേസ് ഫയല്‍ ചെയ്തത്.

യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികൾ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ, 70 ശതമാനത്തിൽ കൂടുതൽ സ്വദേശികളെ ജോലിക്ക് നിയോഗിക്കുന്ന കമ്പനികൾക്ക് നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകുമെന്നും കമൽനാഥ് പ്രഖ്യാപിച്ചിരുന്നു.

യു പി, ബീഹാർ സ്വദേശികൾ നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണിടുന്നവരാണെന്നും കമൽ നാഥ് പറഞ്ഞു. കമല്‍നാഥിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രസ്താവനയില്‍ തികഞ്ഞ അമർഷം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സങ്കുചിത പ്രസ്താവനകൾ അനാവശ്യമാണെന്നും, മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേരുന്നതല്ലെന്നും അഖിലേഷ് പറഞ്ഞു.

" ഇതിനുമുമ്പ് ഇത്തരത്തിലുള്ള വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രാദേശിക വാദം ഞങ്ങൾ കേട്ടത് മഹാരാഷ്ട്രയിൽ നിന്നായിരുന്നു. ഇതേ വാദങ്ങൾ പിന്നീട് ദില്ലിയിലും കേൾക്കുകയുണ്ടായി. ഇപ്പോൾ ഇതാ മധ്യപ്രദേശിലും..." അഖിലേഷ് പറഞ്ഞു.

പ്രാദേശിക വാദത്തിന്‍റെ കാളകൂട വിഷമാണ് കമൽനാഥ് ചീറ്റുന്നതെന്ന് ബീഹാർ ബി ജെ പി അധ്യക്ഷൻ നിത്യാനന്ദ റായി പറഞ്ഞു. കമൽനാഥ് പോലും മധ്യപ്രദേശിൽ വരത്തനാണെന്നും, സ്വദേശിവാദം ആദ്യം നടപ്പിലാക്കേണ്ടത് രാഷ്ട്രീയത്തിലാണെന്നും, മധ്യപ്രദേശിലെ ബി ജെ പി നേതാവ് കൈലാഷ് വിജയ് വർഗ്ഗിയ പറഞ്ഞു.

കാൺപൂരിൽ ജനിച്ച് പശ്ചിമബംഗാളിൽ പഠിച്ചു വളർന്ന കമൽനാഥിന് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാവാമെങ്കിൽ യു പി, ബീഹാർ സ്വദേശികൾക്കിവിടെ ജോലിയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബീഹാറിലെ കോൺഗ്രസ്സിന്‍റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ പോലും കമല്‍നാഥിനെതിരെ വിമർശനമുന്നയിച്ചു. പ്രാദേശിക സംഘർഷങ്ങൾക്ക് വഴിവെക്കുന്ന പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ആർജെഡി വക്താവ് ഭായ് വിരേന്ദ്ര പറഞ്ഞു.