നിപ വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ  റിപ്പോർട്ടർക്കും ചീഫ് എഡിറ്റർക്കുമെതിരേ പൊലീസ് കേസെടുത്തു.

കോഴിക്കോട്: നിപ വൈറസ് ബാധ സംബന്ധിച്ച് തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമായ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ജന്മഭൂമി റിപ്പോർട്ടർക്കും ചീഫ് എഡിറ്റർക്കുമെതിരേ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു. വാർത്ത തയ്യാറാക്കിയ റിപ്പോർട്ടർ, ചീഫ് എഡിറ്റർ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിപ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവും സൂപ്പിയുടെ ഭാര്യയുമായ പന്തിരിക്കര വളച്ചുകെട്ടിയിൽ മറിയം റൂറൽ എസ്പിക്ക് നൽകിയ പരാതിയാണ് കേസിന് ആധാരം. കഴിഞ്ഞ 25ന് ജന്മഭൂമി ദിനപത്രത്തിൽ ഒന്നാം പേജിൽ "നിപ എത്തിയത് മലേഷ്യയിൽ നിന്ന്‌" എന്ന തലക്കെട്ടിൽ വന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പരാതിക്കാരിയുടെ മകൻ നിപ വൈറസ് മലേഷ്യയിൽ നിന്നും കൊണ്ടുവന്നതാണെന്നുമുള്ള വിവരവും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത വാർത്തയാണെന്നും തന്നെയും കുടുംബത്തേയും സമൂഹത്തിൽ അപകീർത്തുന്നതാണ് വാര്‍ത്തയെന്നും കാണിച്ചാണ് മറിയം പരാതി നൽകിയത്. എസ് പി ഈ പരാതി പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയും തുടർന്ന് പെരുവണ്ണാമൂഴി പൊലീസ് പരാതി, പേരാമ്പ്ര കോടതി മുമ്പാകെ സമർപ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.