ഫേസ്ബുക്ക് പോസ്റ്റിലൂടെ മോശം പരാമർശം നടത്തിയതിന് ഷിംല സ്വദേശിക്കെതിരെയാണ് കേസ്. ഇയാളെ ഉടൻ  അറസ്റ്റ് ചെയ്യുമെന്ന് ഷിംല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  അറിയിച്ചു

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്. ഷിംല സ്വദേശിയായ രണ്‍ബീര്‍ സിംഗ് നെഗിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

സമൂഹമാധ്യമത്തിലൂടെ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹിമാചല്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് താക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇക്കഴിഞ്ഞ 21നാണ് രണ്‍ബീര്‍ സിംഗ് പരാതിക്കാസ്പദമായ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിനായി മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയെന്ന കുറ്റത്തിനും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഷിംല ഡി എസ് പി പ്രമോദ് ശുക്ല അറിയിച്ചു.