തിരുവനന്തപുരം: ബറ്റാലിയന്‍ എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം ശക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാനുള്ള നീക്കങ്ങളും ഇതിനിടയില്‍ തുടങ്ങിയിട്ടുണ്ട്. 

തിരുവനന്തപുരത്ത് കനക്കകുന്നില്‍ വച്ചാണ് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നികത മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. 

തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ആണ് എഡിജിപിയുടെ മകള്‍ ആക്രമിച്ചതെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. 

സംഭവം വാര്‍ത്തായായതോടെ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഡിജിപിയേയും തങ്ങളുടെ അമര്‍ഷം അറിയിച്ചു. പൊലീസുകാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടും കേസെടുക്കാത്തില്‍ പൊലീസ് സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. 

അതിനിടെ ആരോപണവിധേയായ എഡിജിപിയുടെ മകള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പൊലീസ് ഡ്രൈവര്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയേക്കും എന്നാണ് സൂചന. ഇതിന്റെ ഭാഗമായി വനിത സിഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് സേനയ്ക്കുള്ളില്‍ ഉയരുന്നത്. കേസ് മുന്നില്‍ കണ്ട് പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും ഡ്രൈവര്‍ ഗവാസ്‌കറെ മെഡിക്കല്‍ കൊളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.