റോബര്‍ട്ട് വാധ്രക്കെതിരെയുള്ള ഹരിയാനയിലെ ഭൂമിയിടപാട് കോണ്‍ഗ്രസിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. വാധ്രക്കെതിരെ ഇന്നലെയാണ് ഹരിയാന പൊലീസ് കേസെടുത്തത്. 

ദില്ലി: റോബര്‍ട്ട് വാധ്രക്കെതിരെയുള്ള ഹരിയാനയിലെ ഭൂമിയിടപാട് കോണ്‍ഗ്രസിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. വാധ്രക്കെതിരെ ഇന്നലെയാണ് ഹരിയാന പൊലീസ് കേസെടുത്തത്. അതേസമയം ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും നാല് വര്‍ഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റഫാൽ യുദ്ധവിമാന ഇടപാട് വലിയ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയര്‍ത്തുമ്പോഴാണ് റോബര്‍ട്ട് വാധ്രക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുലിന്‍റെ റഫാലിൽ ആരോപണത്തിനുള്ള മറുപടിയായി ഇനി റോബര്‍ട്ട് വധ്രയുടെ ഭൂമിയിടപാട് ബിജെപിയും ഉയര്‍ത്തും. 

റോബര്‍ട്ട് വധ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി 2007ൽ ഹരിയാനയിൽ മൂന്നര ഏക്കര്‍ഭൂമി ഏഴര കോടി രൂപക്ക് സ്വന്തമാക്കിയിരുന്നു. ഭൂമി വാങ്ങാനുള്ള പണം വധ്രയുടെ കമ്പനിക്ക് വായ്പയായി നൽകിയത് ഡിഎൽഎഫ് കമ്പനിയാണ്. എന്നാൽ പിന്നീട് ഈ ഭൂമി 55 കോടി രൂപക്ക് ഡിഎൽഎഫ് കമ്പനിക്ക് തന്നെ മറിച്ചുവിറ്റു. 

കേസിൽ നേരത്തെ ഉദ്യോഗസ്ഥതല അന്വേഷണവും ജുഡീഷ്യൽ അന്വേഷണവുമൊക്കെ നടന്നെങ്കിലും തുടര്‍ നടപടികൾ ഉണ്ടായില്ല. ഇപ്പോൾ രജിസ്റ്റര്‍ ചെയ്ത കേസിൽ ഭൂമിയിടപാടിന് കൂട്ടുനിന്നു എന്ന ആരോപണം നേരിടുന്ന മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡ, ഡിഎൽഎഫ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. 

വധ്രയുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ കട്ടാര്‍ പറഞ്ഞു. ഇപ്പോൾ കേസ് പൊങ്ങിവന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ഭൂപേന്ദ്ര സിംഗ് ഹൂഡ ആരോപിച്ചു. ബിജെപി സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെയുള്ള കേസെടുത്തതെന്നായിരുന്നു റോബര്‍ട്ട് വധ്രയുടെ പ്രതികരണം.