ആലപ്പുഴ: ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി. സ്‌കൂളിലെ ശുചിമുറിയുടെ ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ മാനേജര്‍ക്കെതിരെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കുമെതിരെയാണ് കേസെടുത്തത്. 

എടത്വാക്ക് സമീപമുള്ള ചൂട്ടുമാലി എല്‍പി സ്‌കൂളിന്റെ മാനേജര്‍ ഡോ.സനേഷ് മാമന്‍ സണ്ണി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന ആര്‍. ഓമന എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയാണ് എടത്വാ പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. വിദേശത്തുള്ള സനേഷ് മാമന്‍ സണ്ണിയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നല്‍കും. ആര്‍. ഓമനയായിരുന്നു സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്പ് പരിശോധനക്കെത്തിയപ്പോള്‍ സ്‌കൂള്‍ കെട്ടിടത്തിനോ ശുചിമുറിക്കോ അപാകത ഉണ്ടായിരുന്നില്ലെന്നാണ് ആര്‍. ഓമനയുടെ വാദം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശുചിമുറിയുടെ ഭിത്തിയിടിഞ്ഞ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ (7 വയസ്സ്) മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. ഭിത്തിക്കടിയില്‍പ്പെട്ട സെബാസ്റ്റ്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ നാല് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.