കാസര്‍ഗോഡ്: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് കേസെടുത്തു. കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയിലാണു ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തത്.
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ കെ. സുധാകരന്റെ ഈ പ്രസംഗമാണു കേസിനു കാണമായത്. ഉദുമയിലെ യുഡിഎഫ് കുടുംബ സംഗമത്തിലായിരുന്നു കെ. സുധാകരന്റെ വിവാദ പ്രസംഗം. കള്ളവോട്ടു ചെയ്യാനുള്ള ആഹ്വാനമാണ് ഇതെന്നു കാണിച്ച് അന്നുതന്നെ എതിര്‍ സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ കെ. കുഞ്ഞിരാമന്‍ പൊലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡ്യീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് കേസെടുത്തത്.
എന്നാല്‍ രാഷ്ട്രീയപ്രേരിതമായാണു പൊലീസ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും സിപിഎം കള്ളവോട്ടുചെയ്യുന്നത് തടയണമെന്നാണ് കുടുംബയോഗത്തില്‍ പറഞ്ഞതെന്നുമാണു കെ. സുധാകരന്റെ വിശദീകരണം. കേസ് നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.
