തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന തരത്തിൽ അഭിമുഖം നൽകിയതിന് മുൻ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും കേസെടുത്തു .

പ്രത്യേക മതവിഭാഗത്തിനെതിരെ ടി പി സെൻകുമാർ നടത്തിയ പരാമർശം ഒരു ഓൺലൈൻ മാധ്യമത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതിനെ തുടർന്ന് സെൻകുമാറിനെതിരെ 6 പരാതികളാണ് പൊലീസ് മേധാവിക്ക് കിട്ടിയത്. സെൻകുമാറിനെതിരെ കേസ്സെടുക്കുക്കുന്നതിന്റെ സാധ്യതളാരാഞ്ഞ് പൊലീസ് മേധാവി നിയമോപദേശം തേടി. മതസ്പർദ്ധ വളർത്തുന്ന പരാമാർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമനം 153(എ), ഐടി നിയമം എന്നിവ പ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പരാതികൾ ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിന് കൈമാറി. കേസ്സെടുക്കുന്നതിനെക്കുറിച്ച് എഡിജിപി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു. സെൻകുമാറിനെതിരെയും അഭിമുഖം പ്രസിദ്ധപ്പെടുത്തിയ മാധ്യമത്തിനെതിരെയും കേസ്സെടുക്കാമെന്നായിരുന്നു നിയമോപദേശം.

തുടർന്നാണ് ക്രൈംബ്രാഞ്ചിന് കീഴിലെ സൈബർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുത്തത്.സെൻകുമാർ,അഭിമുഖം തയ്യാറാക്കിയ ലേഖകകൻ, എഡിറ്റർ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയാകും തുടർ നടപടികൾ. തന്റെ വാക്കുകൾ വളച്ചൊടിച്ചാണ് അഭിമുഖമെന്ന് കാട്ടി സെൻകുമാർ നേരത്തെ ഓൺലൈൻ മാധ്യമത്തിന്റെ പത്രാധിപർക്ക് കത്തയച്ചിരുന്നു. ഇതിന്റെ പകർപ്പും ലേഖകൻ നൽകിയ മറുപടിയും പൊലീസിന്റെ കൈവശമുണ്ട്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കും.