മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ വിവരാവകാശ നിയമം പോലും അട്ടിമറിക്കുന്നു. ഫയല്‍ ഓഫീസില്‍ ലഭ്യമായയുടന്‍ നിശ്ചിതസമയത്തിനകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തരാമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് രേഖാമൂലം തന്ന ഉറപ്പ് പോലും പാലിക്കുന്നില്ല.

മന്ത്രി തോമസ് ചാണ്ടിയുമായും വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുമായും ബന്ധപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റില്‍ ലഭ്യമായ എല്ലാ ഫയലുകളുടെയും പകര്‍പ്പാണ് വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ സെപ്‍തംബര്‍ മാസം 26 ന് ആവശ്യപ്പെട്ടത്. ഒക്ടോബര്‍ നാലിന് മറുപടി തന്നു. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി, കളക്ടറില്‍ നിന്ന് ഫയല്‍ ലഭ്യമായ ശേഷം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാമെന്ന്. ഒക്ടോബര്‍ 26ന് മുപ്പത് ദിവസം പൂര്‍ത്തിയായിട്ടും ഒന്നും തന്നില്ല. രണ്ട് ദിവസം വൈകി മറുപടി കിട്ടി. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് എണ്ണൂറിലധികം പേജുള്ള ഫയലുകളും രേഖകളും പ്രാഥമിക റിപ്പോര്‍ട്ടും എല്ലാം. പക്ഷേ ജില്ലാ കള്കടറുടെ അന്തിമ റിപ്പോര്‍ട്ട് തന്നില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 21ന് ഉച്ചയോടെ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥ് സംസ്ഥാന സര്‍ക്കാരിന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കൈമാറിയതോടെ അത് വിവരാവകാശ നിയമത്തിന്റെ പരിധിയിലായി. പക്ഷേ ഒക്ടോബര്‍ 28 ന് മറുപടി തരുമ്പോഴും കളക്ടറുടെ അന്തിമറിപ്പോര്‍ട്ട് തരാതെ പൂഴ്‍ത്തിവെക്കുകയാണ് ചെയ്‍തത്. പിന്നാലെ അടുത്ത ദിവസം തന്നെ മറുപടി കിട്ടാന്‍ അപ്പീലും കൊടുത്തു. എന്നിട്ടും കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് കിട്ടുന്നില്ല. റിപ്പോര്‍ട്ട് ലഭ്യമായിട്ടും ഇനിയും സമയമുണ്ടല്ലോ എന്ന മറപടിയാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്. ഗുരുതരമായ കുറ്റമാണ് ഇത് മറച്ചുവെക്കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായം.

അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ച രണ്ട് കഴിഞ്ഞിട്ടും ജില്ലാ കളക്ടര്‍ തന്റെ അന്വേഷണ റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ ബന്ധപ്പെട്ട സെക്ഷനിലേക്ക് കൊടുക്കാത്തത് വലിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന് വ്യക്തം. റിപ്പോര്‍ട്ടിലെ മന്ത്രിക്കെതിരായ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഫയല്‍ പൂഴ്‍ത്തുകയാണെന്ന് ചുരുക്കം.