ശ്രീനഗര്‍: കശ്‍മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റയീസ് മുഹമ്മദ് എന്നയാളാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. 

ശനിയാഴ്ച മുതലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്ത് തുടങ്ങിയത്. സെന്യത്തിനു നേരെ കല്ലേറ് തുടങ്ങിയതോടെയാണ് സൈന്യം വെടിവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ടു പേര്‍ മരിക്കുകയും ഒന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റത്തിനാണ് രണ്ടു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.