നാടിനെ കളിയാക്കിയെന്നാരോപിച്ച് പെൺകുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ആറ് യുവാക്കള്‍ക്കെതിരെ മലപ്പുറം വേങ്ങരയില്‍ പൊലീസ് കേസെടുത്തു. 

മലപ്പുറം: നാടിനെ കളിയാക്കിയെന്നാരോപിച്ച് പെൺകുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ആറ് യുവാക്കള്‍ക്കെതിരെ മലപ്പുറം വേങ്ങരയില്‍ പൊലീസ് കേസെടുത്തു. പെൺകുട്ടികള്‍ സെല്‍ഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കള്‍ പെൺകുട്ടികളെ അപമാനിച്ചത്.

വേങ്ങരക്കടുത്ത് കിളിനക്കോടില്‍ ഒരു കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടികള്‍. വിവാഹത്തില്‍ പങ്കെടുത്തശേഷം ഗ്രാമപ്രദേശമായ കിളിനക്കോടുനിന്നും തിരിച്ച് വരാൻ ഇവര്‍ക്ക് വാഹന സൗകര്യം കിട്ടിയില്ല.ഒരു കിലോമീറ്ററോളം നടന്നായിരുന്നു മടക്കയാത്ര.ഈ നടത്തത്തിനിടയില്‍ പെൺകുട്ടികള്‍ സെല്‍ഫി വീഡിയോ എടുത്ത് തമാശ രൂപത്തില്‍ വാഹനം കിട്ടാത്തതിന്‍റെ പരിഭവം പങ്കുവച്ചു.

ഇ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കിളിനക്കോട്ടെ ഒരു സംഘം യുവാക്കളും പ്രതികരണവുമായി സാമൂഹ്യമാധമങ്ങളില്‍ എത്തി. പെൺകുട്ടികളെ അപമാനിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ കമന്‍റുകള്‍.

സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെൺകുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.